സ്വന്തം ലേഖകന്‍
കോഴിക്കോട്: ക്രൂരമായ മര്‍ദനത്തിനും ലൈംഗിക പീഡനത്തിനും ഇരയായ ബംഗ്ലാദേശി യുവതി താമസിച്ചത് കോഴിക്കോട് നഗര പരിധിയിലെ പാറോപ്പടിയിലെ വീട്ടിലെന്ന് സൂചന.
ബംഗളൂരു പോലീസ് പാറോപ്പടിയിലെ ഒരു വീട്ടില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയതെന്നാണ് സംസ്ഥാന-ജില്ലാ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം.
എന്നാല്‍ വീട് എവിടെയാണെന്നോ എങ്ങനെയാണ് പെണ്‍കുട്ടി ഇവിടെ എത്തിയതെന്നോ യാതൊരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഇതേ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോട് സിറ്റി പോലീസ് പരിധിയിലുള്ള ചേവായൂര്‍ പോലീസ് സ്റ്റേഷനു കീഴിലാണ് പാറോപ്പടി. എന്നാല്‍ ബെംഗളുരു പോലീസ് എത്തിയ വിവരം പോലും ഏറെ വൈകിയാണ് പോലീസ് അറിഞ്ഞത്.
അതിനാല്‍ യുവതിയെ കണ്ടെത്തിയ വീട് എവിടെയാണെന്നത് സംബന്ധിച്ചു വ്യക്തതയില്ല. ലോക്കല്‍ പോലീസിന്റെയാതൊരു സാഹായവുമില്ലാതെയാണ് ബംഗളുരു പോലീസ് ഇവിടെയെത്തി യുവതിയുമായി മടങ്ങിയത്.
ഒരാഴ്ച മുന്‍പാണ് ബംഗളൂരുവില്‍വച്ച് പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കുപ്പി കയറ്റുന്നതുള്‍പ്പെടെയുള്ള ക്രൂര ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. തുടര്‍ന്ന് ബെംഗളൂരു പോലീസ് കേസെടുക്കുകയായിരുന്നു.
പ്രതികളിലൊരാള്‍ തന്നെ പകര്‍ത്തിയ വിഡിയോ വൈറല്‍ ആയതിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
മനുഷ്യക്കടത്തിലൂടെ ബെംഗളൂരുവിലെത്തിച്ച യുവതി രക്ഷപ്പെട്ട് കേരളത്തിലെത്തിയെങ്കിലും ബലമായി തിരിച്ചെത്തിച്ച ശേഷമായിരുന്നു ക്രൂര പീഡനമെന്ന് പോലീസ് പിന്നീട് കണ്ടെത്തി.
യുവതിയെ പീഡിപ്പിക്കുന്ന വിഡിയോ പുറത്തു വന്നതിനെ തുടര്‍ന്ന് രണ്ടുയുവതികള്‍ ഉള്‍പ്പെടെ ആറുപേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ലഭിച്ച സൂചനകളെ തുടര്‍ന്നാണ് ഇവര്‍ പീഡിപ്പിച്ച യുവതി കോഴിക്കോട്ട് ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്.