ശാസ്ത്രജ്ഞൻമാരെ ഇപ്പോഴും കുഴയ്ക്കുന്ന മറ്റൊരു ചോദ്യം ഉണ്ട്. ഈ ഫണൽ എട്ടുകാലികളുടെ വിഷം എങ്ങനെയാണ് മനുഷ്യന് ഹാനികരമാകുന്നത് എന്നത്.
ഇതോടൊപ്പം പെൺ എട്ടുകാലികൾക്ക് വിഷം കുറവും ആൺ എട്ടുകാലികൾക്ക് വിഷം കൂടുതലും സംഭവിക്കുന്നത് എങ്ങനെയെന്നതും. ഇതിനായി അവർ വ്യത്യസ്ത വിഭാഗത്തിലുള്ള പലതരം എട്ടുകാലി വർഗങ്ങളിൽ അവർ പഠനം നടത്തി.
എങ്ങനെ ഇത്രയും വിഷം?
പരിണാമ ദിശയിലുണ്ടായ മാറ്റമാണ് പെണ് എട്ടുകാലികളേക്കാൾ വിഷം കൂടുതല്‍ ആണ് എട്ടുകാലികള്ക്കുണ്ടാകാന് കാരണമെന്ന് ഗവേഷകര്‍ കണ്ടെത്തി.
പാറ്റകളെയും ചെറു പ്രാണികളെയും മറ്റും ഇരതേടി കൊല്ലുന്നതിനായാണ് എട്ടുകാലികളിൽ പൊതുവേ വിഷം രൂപപ്പെട്ടു വരുന്നത്.
എന്നാല്‍ പിന്നീട് ആണ് എട്ടുകാലികൾ ഇണചേരുന്നതിനും മറ്റുമായി അലയേണ്ടി വരുമ്പോള്‍ എലി വര്‍ഗത്തില്‍പ്പെട്ട ജീവികളുമായും ഇവയ്ക്ക് ഏറ്റുമുട്ടേണ്ടി വന്നു.
ഈ ഘട്ടത്തിലായിരിക്കും സസ്തനികള്‍ക്ക് കൂടി മാരകമാകുന്ന രീതിയിലുള്ള ഡെല്‍റ്റാ ഹെക്സാ ടോക്സിനുകള്‍ അടങ്ങിയ വിഷം ഇവയില്‍ രൂപപ്പെട്ടതെന്നാണ് ഗവേഷകർ ഏറെക്കുറെ ഒരു അനുമാനത്തിലെത്തി നിൽക്കുന്നത്. എന്നാലിത് ആധികാരികമായി തെളിയിക്കാനും അവർക്കായിട്ടില്ല.
ഉടനെ ചികിത്സ വേണം
കനത്ത ചൂടിനു പിന്നാലെ മഴയെത്തുന്നതോടെ അപകടകാരികളായ ഫണൽ വെബ് എട്ടുകാലികൾ പെറ്റുപെരുകുന്നതായും കാണാറുണ്ട്. അന്തരീക്ഷത്തിൽ ഈർപ്പം രൂപപ്പെടുന്നതോടെ കൂട്ടമായി പുറത്തിറങ്ങിത്തുടങ്ങും.
സിഡ്നിയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്നവർക്ക് എട്ടുകാലികളുടെ കൂട്ടത്തോടെയുള്ള ഈ വരവ് ഭീതിയുളവാക്കും. നാൽപ്പതോളം ഇനങ്ങളിൽപ്പെട്ട ഫണൽ എട്ടുകാലികളെയാണ് ഓസ്ട്രേലിയയിൽ മാത്രം കണ്ടെത്തിയിട്ടുള്ളത്.
ഇതിൽ അട്രാക്സ് റോബസ്റ്റസ് എന്ന ഇനമാണ് ലോകത്തിലെ തന്നെ ഏറ്റവുംഅപകടകാരിയായ എട്ടുകാലി. ഇവ ഏറ്റവുമധികം കണ്ടുവരുന്നത് കിഴക്കൻ ഓസ്ട്രേലിയയിൽ ആയതിനാലാണ് സിഡ്നി ഫണൽ വെബ് സ്പൈഡർ എന്നും ഇവയെ അറിയപ്പെടുന്നത്.
പ്രതിവർഷം 30 മുതൽ 40 വരെ ആളുകൾക്ക് ഫണൽ എട്ടുകാലികളിൽനിന്ന് കടിയേൽക്കാറുണ്ട്. എന്നാൽ ഈ വിഷത്തിന് ആന്റിവെനം കണ്ടുപിടിച്ചതിനാൽ ഇവയുടെ കടിയേറ്റ് ഇപ്പോൾ ആളുകൾ മരിക്കാറില്ല.
പക്ഷേ കടിയേറ്റയുടൻ ചികിത്സ തേടിയില്ലെങ്കിൽ മരണം ഉറപ്പാകും. ആൺ വർഗത്തിൽപ്പെട്ട ഫണൽ എട്ടുകാലികളിൽനിന്ന് വിഷമെടുത്ത് മുയലുകളിൽ പ്രയോഗിച്ച് അവയിൽ രൂപപ്പെടുന്ന പ്രതിദ്രവ്യം ഉപയോഗിച്ചാണ് ആന്റിവെനം നിർമിക്കുന്നത്.
(തുടരും)