പരവൂർ: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘന പരിശോധനയുടെ മറവിൽ പോലീസിനെ സഹായിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും എൻസിസി കേഡറ്റുകളും ട്രാഫിക് നിയമലംഘനത്തിന് വാഹനങ്ങൾ പടികൂടുന്നതായി വ്യാപക പരാതി.
കോവിഡിന്റെ വേളയിൽ ഇതുമായി ബന്ധപ്പെട്ട പരിശോധനകളിൽ പോലീസിനെ സഹായിക്കാനാണ് ഇവരെ നിയോഗിച്ചിട്ടുള്ളത്.
മാസ്ക് ധരിക്കാതെ യാത്ര, സാമൂഹിക അകലം പാലിക്കാതിരിക്കൽ, സത്യവാങ്മൂലം കരുതാതെയുള്ള വാഹനയാത്ര എന്നിവയാണ് ഇവർ പോലീസിനൊപ്പം നിന്ന് പരിശോധിക്കേണ്ടത്.
എന്നാൽ പോയിന്റ് ഡ്യൂട്ടിയിലുള്ള പോലീസുകാർ മാറി നിന്നശേഷം കേഡറ്റുകളെക്കൊണ്ടാണ് പരിശോധനകൾ നടത്തുന്നത്. ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർക്ക് ഹെൽമറ്റ് ഇല്ലെങ്കിലും കേഡറ്റുകൾ പിടികൂടും.
വാഹനങ്ങളുടെ രേഖകളും ഇവർ ചോദിക്കും. ഇതിനുള്ള അവകാശം ഇവർക്ക് ആരും നൽകിയിട്ടില്ല. ഇത്തരം അനാവശ്യ പരിശോധനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മേഖലയിൽ ഇരുചക്ര വാഹന യാത്രികരും പോലീസും തമ്മിൽ വാക്കുതർക്കം വരെ ഉണ്ടായി.
പരവൂർ നഗരസഭാ അതിർത്തിയിൽ ഇതുവരെ പോലീസിനെ സഹായിച്ചിരുന്നു ചില സന്നദ്ധ സംഘടനാ പ്രവർത്തകരായിരുന്നു.
ചില അനിഷ്ട സംഭവങ്ങൾ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം ഉണ്ടായ സാഹചര്യത്തിൽ ഇത്തരം വോളണ്ടിയർമാരെ ഒഴിവാക്കിയാണ് സ്റ്റുഡന്റ് പോലീസ്, എൻസിസി കേഡറ്റുകളെ നിയോഗിച്ചത്. സംഗതി ഇപ്പോൾ കൂനിന്മേൽ കുരു എന്നത് പോലെയായി.
അതേസമയം പോയിന്റ് ഡ്യൂട്ടിക്ക് നിൽക്കുന്നവർ ട്രാഫിക് നിയമലംഘനത്തിന് കുറഞ്ഞത് 25 പെറ്റി കേസുകളെങ്കിലും എടുക്കണമെന്ന സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശം പോലീസിൽ വ്യാപക അമർഷത്തിന് കാരണമായിട്ടുണ്ട്.
ഇക്കാരണത്താലാണ് കേഡറ്റുകളെ ഉപയോഗിച്ച് പോലീസ് പെറ്റി കേസുകൾ പിടികൂടുന്നത്. ഇത് പലപ്പോഴും ട്രാഫിക് കുരക്കിനും കാരണമാകുന്നു.