ചെറായി : മുനന്പത്ത് ഹാർബറുകൾ വീണ്ടും തുറന്നതോടെ മത്സ്യബന്ധനത്തിനു പോയ ബോട്ടുകൾ നിറയെ പൂവാലൻ ചെമ്മീൻ, ഐല, വറ്റ തുടങ്ങിയ മത്സ്യങ്ങളുമായി തിരികെയെത്തി തുടങ്ങി.
പൊതുവെ മത്സ്യലഭ്യത കുറവായതിനാൽ മത്സ്യങ്ങൾക്ക് നല്ല വില ലഭിക്കുന്നുണ്ട്.
അതേസമയം വലനിറയെ മത്സ്യം കിട്ടിയാലും അനിയന്ത്രിതമായി ഡീസൽ വില കുതിക്കുന്നതിനാൽ ബോട്ടുടമകൾക്ക് നഷ്ടം തന്നെയാണെന്ന് മുനന്പം ട്രോൾനെറ്റ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി പി.പി. ഗിരീഷ്, മുനന്പം യന്ത്രവത്കൃത മത്സ്യപ്രവർത്തക സംഘം സെക്രട്ടറി കെ.ബി.രാജീവ് എന്നിവർ പറയുന്നു.
കോവിഡ് രണ്ടാം തരംഗം വ്യാപകമായതോടെ ഒരു മാസത്തോളം മുനന്പത്തെ ഹാർബറുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. വ്യാഴാഴ്ച മുതലാണ് പ്രവർത്തനം തുടങ്ങിയത്.
ഈ മാസം ഒമ്പതിന് അർധരാത്രിമുതൽ ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വരുന്നതോടെ ഹാർബർ 52 ദിവസത്തേക്ക് നിശ്ചലമാകും.