കാളികാവ്: കൂടെയുള്ളവർക്കും നാട്ടുകാർക്കും കോവിഡ് പരത്തുന്നതിനിടയാക്കുന്ന വിധം ഷട്ടിൽ കളിച്ച പോസിറ്റീവ് ആയ രണ്ട് യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു.
ചോക്കാട് പഞ്ചായത്തിലെ മാളിയേക്കൽ വലിയ പറന്പിലെ രണ്ട് യുവാക്കൾക്കെതിരെ പകർച്ചവ്യാധി നിയമ പ്രകാരവും കൂടെയുള്ളവർക്കെതിരെ പെറ്റികേസുകളുമാണ് ചുമത്തിയത്.
ചോക്കാട് പഞ്ചായത്തിലെ മാളിയേക്കൽ വലിയപറന്പിലാണ് കോവിഡ് പടർന്നു പിടിക്കാൻ ഇടയാകുന്ന വിധത്തിൽ വീടിനടുത്തുള്ള പറന്പിലാണ് യുവാക്കൾ ഷട്ടിൽ ബാഡ്മിന്റൻ കളിയിൽ ഏർപ്പെട്ടത്.
കാളികാവ് എസ്ഐ ടി.പി.മുസ്തഫയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പോലീസിനെ കണ്ട ഉടനെ പ്രതികൾ ഓടി രക്ഷപ്പെട്ടെങ്കിലും പോലീസ് പിന്തുടർന്ന് കേസെടുക്കുകയായിരുന്നു.
കോവിഡ് വൈറസിന്റെ അതിരൂക്ഷമായ വ്യാപനം നടക്കുന്ന വേളയിൽ സർക്കാർ പ്രഖ്യാപിച്ച ക്വാറന്റൈൻ മാനദണ്ഡങ്ങൾ ലംഘിച്ചതിനും രോഗം മറ്റുള്ളവർക്ക് പകരുന്നതിന് ഇടയാക്കാവുന്ന സാഹചര്യത്തിലുമാണ് കേസെടുത്തതെന്ന് കാളികാവ് എസ്ഐ ടി.പി.മുസ്തഫ പറഞ്ഞു.
പോസിറ്റീവ് ആയവരിൽ ചിലർ കേസുകൾ മറച്ച് വെച്ച് ക്വാറന്റൈൻ ലംഘനം നടത്തുന്നത് രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്.
ആർആർടി വോളണ്ടിയർമാരേയും നിയമ പാലകരേയുമെല്ലാം കബളിച്ച് പുറത്തിറങ്ങുന്നത് കാരണം ഉറവിട മറിയാതെ സമൂഹ വ്യാപനം വ്യാപകമായി നടക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ പോലീസ് കർശന പരിശോധനയും വ്യാപകമാക്കിയിട്ടുണ്ട്.