വടകര: ഈ മഴക്കാലമെത്തുമ്പോഴും മുഴപ്പിലങ്ങാട്-മാഹി ബൈപാസിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തത് മാഹി പുഴയോരവാസികളെ ഭീതിയിലാക്കുന്നു.
ബൈപാസിനായി മാഹി പുഴയക്ക് കുറുകെ പാലം പണിയുന്നതിനായി പുഴ നികത്തി നിര്‍മിച്ച ബണ്ടുകള്‍ പുഴയുടെ ഒഴുക്ക് തടസപ്പെടുത്തുന്നതാണ് പുഴയോരങ്ങളിലും പുഴയിലെത്തുന്ന നീര്‍ച്ചാലുകള്‍ക്കു സമീപമായി താമസിക്കുന്ന കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ആയിരക്കണക്കിന് കുടുംബങ്ങളെ ഭീതിയിലാക്കുന്നത്.
176 മീറ്റര്‍ വീതിയുള്ള പുഴയില്‍ 126 മീറ്റര്‍ നികത്തി താത്കാലികറോഡും നിര്‍മിച്ചിട്ടുണ്ട്. 42 മീറ്റര്‍ നീളത്തിലും അഞ്ച് മീറ്റര്‍ വീതിയിലുമായി ഇരുമ്പു പാലവും എട്ടര മീറ്റര്‍ വീതിയില്‍ മറ്റൊരു ഇരുമ്പുപാലവും നിര്‍മിച്ചിട്ടുണ്ട്.
പുഴയില്‍ 50 മീറ്റര്‍ ഒഴിവുള്ളിടത്തു കൂടിമാത്രമാണ് ഇപ്പോള്‍ നീരൊഴുക്കുള്ളൂ. മഴ ശക്തമായാല്‍ തന്നെ പുഴയിലെ വെള്ളം ഇതിലൂടെ ഒഴുകി തീരില്ല.
ഇതിനിടെ കുറ്റ്യാടി ഡാം കൂടി തുറന്നാല്‍ കുറ്റ്യാടി മുതല്‍ അഴിയൂര്‍ വരെയുള്ള കോഴിക്കോട് ജില്ലയില്‍പെട്ട ഭാഗങ്ങളും കണ്ണൂര്‍ ജില്ലയിലെ പെരിങ്ങത്തൂര്‍, കരിയാട്, ഒളവിലം, ന്യൂമാഹി എന്നിവിടങ്ങളിലെ പുഴയോരങ്ങളില്‍ നിന്നുള്ള ഒന്നര കിലോ മീറ്റര്‍ വരെ അകലമുള്ള വീടുകള്‍ വരെ വെള്ളത്തിലാവും.
ഇക്കഴിഞ്ഞ ആഴ്ചയുണ്ടായ ന്യൂന മര്ദത്തിനെ തുടര്‍ന്നുണ്ടായ മഴയില്‍ പുഴയിലെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടതിനെ തുടര്‍ന്നു പുഴയോരങ്ങളില്‍ വെള്ളം കയറിയിരുന്നു.
മുന്‍ വര്‍ഷങ്ങളിലെ വെള്ളപ്പൊക്ക സാഹചര്യത്തില്‍ ഇക്കുറി മഴയ്ക്ക് മുമ്പ് തന്നെ പുഴയിലെ ബണ്ടുകളും പുഴയുടെ ഒഴുക്കിന് തടസമാകുന്ന എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും നീക്കണമെന്ന് കോഴിക്കോട് ജില്ലാകളക്ടര്‍ ഉത്തരവിട്ടിരുന്നെങ്കിലും കരാറുകാര്‍ തയാറായിട്ടില്ല.
വടകര എംഎല്‍എ കെ.കെ. രമ ഇടപെട്ട് ബണ്ടുകള്‍ കരാറുകാരനെ കൊണ്ട് പൊളിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.
ബണ്ടുകള്‍ പൂര്‍ണമായും പൊളിക്കണമെന്നായിരുന്നു കളക്ടറും എംഎല്‍എയും നിര്‍ദേശിച്ചതെങ്കിലും കരാറുകാര്‍ ബണ്ടിന്റെ മേല്‍ഭാഗത്തെ മണ്ണ് നീക്കുക മാത്രമാണ് ചെയ്തത്. ഇതു കൊണ്ടു മാത്രം മഴക്കാലത്ത് പുഴയിലെത്തിച്ചേരുന്ന വെള്ളം കടലിലേക്ക് ഒഴുകി പോകില്ല.
കഴിഞ്ഞ രണ്ടു വര്‍ഷവും ബണ്ടുകള്‍ നീക്കം ചെയ്യാത്തതിനെ പുഴയുടെ ഒഴുക്ക് തടസപ്പെട്ടിരുന്നു. പുഴവെള്ളം കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വീടുകളില്‍ വെള്ളം കയറുകയും നിരവധി വീടുകള്‍ക്ക് നാശം നേരിടുകയും ചില വീടുകള്‍ താമസയോഗ്യമല്ലാതാകുകയും ചെയ്തിരുന്നു.
പിന്നീട് ജില്ലാ ഭരണകൂടം ബണ്ടുകള്‍ നീക്കം ചെയ്യാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ബണ്ടുകളുടെ മേല്‍ഭാഗം മാത്രം നീക്കം ചെയ്യുകയായിരുന്നു. മഴയ്ക്കു ശേഷം വീണ്ടും ബണ്ടുകള്‍ പൂര്‍വസ്ഥിതിയില്‍ നിര്‍മിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാംഭിച്ചത്.
രാവും പകലുമായി 24 മണിക്കൂറും ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ബൈപാസ് നിര്‍മാണത്തിന്റെ ഭാഗമായി മാഹി പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന പാലം പ്രവൃത്തിയുടെ ഭാഗമായി സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തി നിര്‍മിച്ച ബണ്ടുകള്‍ മഴ ശക്തമാകുന്നതിന് മുമ്പ് പൊളിച്ചു നീക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.