തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചയുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ നൽകിയ മൊഴി തെറ്റെന്ന് പ്രത്യേക അന്വേഷണ സംഘം. കുഴൽപ്പണക്കേസിൽ പാർട്ടിക്കു ബന്ധമില്ലെന്ന അവകാശവാദം പൊളിയുന്ന സൂചനകൾ വന്നതോടെ ബിജെപി കൂടുതൽ പ്രതിരോധത്തിലായി.
കവർച്ച ചെയ്യപ്പെട്ട പണം ബിജെപിയുടേതാണെന്ന് രണ്ടു തവണ നടത്തിയ ചോദ്യംചെയ്യലുകളിൽ ആർഎസ്എസ് പ്രവർത്തകൻ ധർമ്മരാജൻ മൊഴിനൽകിയെന്ന് പോലീസ് പറയുന്നു. കോഴിക്കോട് സ്വദേശിയായ ഇയാളെ സംസ്ഥാനത്തെ ഉന്നത ബിജെപി നേതാക്കൾ അടക്കം ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്നു.
പണം കവർച്ച നടന്നശേഷവും ഇയാൾ നേതാക്കളുമായി പലതവണ ഫോണിൽ സംസാരിച്ചു. എന്നാൽ നേതാക്കളെ ചോദ്യംചെയ്തപ്പോൾ തെരഞ്ഞെടുപ്പു സാമഗ്രികളുടെ വിതരണവുമായി ബന്ധപ്പെട്ടകാര്യമാണ് ധർമ്മരാജനുമായി സംസാരിച്ചത് എന്നായിരുന്നു മൊഴി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ധർമ്മരാജന് ഇത്തരത്തിൽ യാതൊരു ചുമതലകളും ബിജെപിയിൽ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായി. തുടർന്നാണ് ധർമ്മരാജനെ രണ്ടാമതും ചോദ്യംചെയ്തത്. രണ്ടാംതവണയും പണം ബിജെപിക്കുവേണ്ടി കൊണ്ടുവന്നു എന്ന മൊഴി ഇയാൾ ആവർത്തിച്ചു.
ഈ സാഹചര്യത്തിലാണ് സംസ്ഥാന നേതാക്കൾ നൽകിയ മൊഴി അന്വേഷണസംഘം തള്ളിയത്.ധർമ്മരാജന്റെ ഫോണ്വിളികളുടെ വിശദാംശങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. കവർച്ചയുമായി കൂടുതൽപേർക്കു ബന്ധമുണ്ടോ എന്നത് അതിനുശേഷം വ്യക്തമാകും.
കേസുമായി ബന്ധപ്പെട്ട് ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി സതീശിനെ ചോദ്യംചെയ്തപ്പോഴും അത്തരം സൂചനകളാണ് ലഭിച്ചത്. ധർമ്മരാജനെ തനിക്ക് അറിയില്ലെന്നും ഇതുവരെ നേരിട്ടു കണ്ടിട്ടില്ലെന്നുമാണ് സതീശ് മൊഴി നൽകിയത്. നേതാക്കൾ പറഞ്ഞതനുസരിച്ചാണ് ഇവർക്ക് തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറി ഏർപ്പാടാക്കിയതെന്നും സതീശ് അന്വേഷണ സംഘത്തോടു പറഞ്ഞു.
കവർച്ച ചെയ്യപ്പെട്ട പണം കണ്ടെത്താൻ പ്രതികളുടെ വീടുകളിൽ പോലീസ് ഇന്നും റെയ്ഡ് നടത്തുകയാണ്. ഇതുവരെ 1.28 കോടി രൂപയാണ് പ്രതികളിൽനിന്ന് കണ്ടെത്തിയിട്ടുള്ളത്.