കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസിൽ അധോലോക നേതാവ് രവി പൂജാരിയെ ഇന്നുരാത്രി കൊച്ചിയിലെത്തിച്ചേക്കും. കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ കൊച്ചിയിലെത്തിക്കുന്നതിനായി ക്രൈംബ്രാഞ്ച് സംഘം ബംഗളൂരുവിലെത്തി.
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഇന്നു രാത്രിയില്‍തന്നെ പ്രതിയെ കൊച്ചിയിലെത്തിക്കാനുള്ള നീക്കങ്ങളാണ് അധകൃതര്‍ നടത്തുന്നത്. എട്ട് ദിവസത്തേക്കാണു രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടുള്ളത്.
ക്രൈംബ്രാഞ്ച് നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണു പ്രതിയെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.
നടി ലീന മരിയ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടിപാര്‍ലറില്‍ 2018 ഡിസംബര്‍ 15ന് ഉച്ചയ്ക്കാണ് വെടിവയ്പുണ്ടായത്.
കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം രവി പൂജാരി സ്വയം ഏറ്റെടുത്തിരുന്നു. വെടിവയ്പ്പ് നടത്തിയ മറ്റ് പ്രതികള്‍ നേരത്തേ പിടിയിലായിരുന്നു. ഏതാനു ദിവസങ്ങള്‍ക്കുമുമ്പാണു പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തത്.
കേരളത്തില്‍ മൂന്നു കേസുകളാണ് രവി പൂജാരിക്കെതിരേയുള്ളത്. മൂന്നും വെടിവയ്പ് കേസുകളാണ്. കൊച്ചിയിലെത്തിച്ചശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്യും.