കണ്ണൂർ: എത്ര പറഞ്ഞാലും പഠിക്കാത്തവരാണ് നമ്മൾ. അതിനാൽ തന്നെയാണ് ഇത്തരം വ്യാജസന്ദേശങ്ങളെ വിശ്വസിച്ച് വീണ്ടും വീണ്ടും നമ്മൾ പണിവാങ്ങിക്കൂട്ടുന്നതും. പറഞ്ഞുവരുന്നത് വാട്സാപ്പിൽ ഇപ്പോൾ വന്നു കൊണ്ടിരിക്കുന്ന ഒരു സന്ദേശത്തെ കുറിച്ചാണ്.
’ഗ്രൂപ്പിൽ ആരെങ്കിലും നിങ്ങളുടെ പ്രൊഫൈൽ ഇടയ്ക്കിടെ നോക്കാറുണ്ടോ എന്നറിയാൻ മുകളിൽ വലതു കോണിലുള്ള മൂന്നു ഡോട്ടുകളിലേക്ക് പോകുക…’ ഇങ്ങനെ തുടങ്ങുന്ന സന്ദേശമാണ് ഇപ്പോൾ വാട്സാപ്പ് ഉപയോഗിക്കുന്നവർക്ക് പുതിയ കെണിയൊരുക്കുന്നത്.
സന്ദേശത്തിൽ വിശ്വസിച്ചവർ നേരെ പോയി മുകളിലെ മൂന്നു ഡോട്ടിൽ ക്ലിക്ക് ചെയ്യുകയും തുടർനടപടികളിലേക്ക് കടക്കുകയും ചെയ്യും. ഗ്രൂപ്പിൽ തങ്ങളുടെ പ്രൊഫൈൽ ഫോട്ടോ ആരെല്ലാം കാണുന്നുണ്ട് എന്ന ആകാംക്ഷമൂലമാണ് പലരും ഇത് ചെയ്യുന്നത്. എന്നാൽ ഇതിന്റെ പരിണിത ഫലമായി സംഭവിക്കുന്നത് മറ്റൊന്നാണ്.
ഗ്രൂപ്പിനെ കുറിച്ച്് റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനത്തിലേക്കാണ് സത്യത്തിൽ ആ വ്യാജസന്ദേശത്തിന്റെ പിറകെ പോയവർ ചെന്നെത്തുന്നത്. ഒരാൾക്ക് അയാൾ അംഗമായ വാട്സാപ്പ് ഗ്രൂപ്പിനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ അക്കാര്യം വാട്സാപ്പിനെ അറിയിക്കാനുള്ള സംവിധാനമാണ് റിപ്പോർട്ട്.
ഇത് ചെയ്യുന്നതു മൂലം അയാൾ ആ ഗ്രൂപ്പിൽ നിന്നു പുറത്തുപോകുകയോ ഗ്രൂപ്പിലെ സന്ദേശങ്ങൾ ഡിലീറ്റായി പോകുകയോ ചെയ്യാം. ഒരു ഗ്രൂപ്പിലെ കൂടുതൽ പേർ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്താൽ ഗ്രൂപ്പ് പിന്നീട് വാട്സാപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാകും.
ഗ്രൂപ്പ് ബ്ലോക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്. ഇത്തരം വ്യാജസന്ദേശങ്ങളിൽ വീണുപോകരുതെന്നാണ് പോലീസ് സൈബർ വിഭാഗം നൽകുന്ന മുന്നറിയിപ്പ്.