കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.
കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്നതടക്കം വിശദമായ അന്വേഷണത്തിനാണു അധികൃതര്‍ ഒരുങ്ങുന്നത്.
എറണാകുളം കമ്മട്ടിപ്പാടത്തിനു സമീപത്തെ ഫ്ളാറ്റില്‍ താമസിക്കുന്ന ഇടുക്കി സ്വദേശി അനി ജോയിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഗുണ്ടാസംഘത്തിലെ അംഗങ്ങളായ കൊടുങ്ങല്ലൂര്‍ സ്വദേശികള്‍ മുഹമ്മദ് അജ്മല്‍ (28), സഞ്ജയ് ഷാഹുല്‍ (31) എന്നിവരാണ് കടവന്ത്ര പോലീസിന്റെ പിടിയിലായത്.
ഇരുവരും കാപ്പാ കേസ് പ്രതികളാണ്. അനിയുടെ സുഹൃത്തായ ഷിഹാബ് നല്കിയ പരാതിയിലാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം.
ഷിഹാബിനോടുള്ള സംഘത്തിന്റെ പകയാണു തട്ടികൊണ്ടുപോകലിനു പിന്നിലെന്നാണു വിവരം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതികളായ ഗുണ്ടാസംഘം എറണാകുളത്ത് താമസിക്കുന്ന വിവരം ഷിഹാബ് ചിലരോട് പറഞ്ഞിരുന്നു.
മാത്രമല്ല, ഇയാളുടെ കാര്‍ അപകടത്തില്പ്പെടുത്തിയതിന്റെ നഷ്ടപരിഹാരം അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.
ഇതോടെ ഷിഹാബിനെതിരെ ഗുണ്ടാസംഘത്തിനു പകയാകുകയും ഷിഹാബിനെ തട്ടിക്കൊണ്ടുപോകാന്‍ തീരുമാനിക്കുകയുമാിരുന്നു.
പദ്ധതി പ്രകാരം ഫ്ളാറ്റില്‍ എത്തിയപ്പോള്‍ ഇവിടെ അനി മാത്രമാണ് ഉണ്ടായിരുന്നത്. ഷിഹാബിനെ ലഭിക്കാത്ത ദേഷ്യത്തില്‍ ഇവര്‍ അനിയെ കടത്തിക്കൊണ്ടുപോയി ഇടപ്പള്ളിയിലുള്ള ഒരു ലോഡ്ജില്‍ തടവില്‍ പാര്‍പ്പിച്ചു.
ഷിഹാബ് ഈ വിവരം അറിഞ്ഞ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അനിയെ ലോഡ്ജില്‍നിന്ന് പോലീസ് മോചിപ്പിക്കുകയും പോലീസിനെ കണ്ടു രക്ഷപ്പെട്ട സംഘത്തെ പിന്തുടര്ന്നു പിടികൂടുകയുമായിരുന്നു.
പ്രതികളുടെ മറ്റ് ക്രിമിനല്‍ പശ്ചാത്തലം പേലീസ് അന്വേഷിച്ചു വരികയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണു സൂചനകള്‍.