ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കണക്കുകളിൽ ഇന്നും ആശ്വാസം. പ്രതിദിന കേസുകൾ ഒന്നരലക്ഷത്തിന് താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിൽ 1,27,510 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ 54 ദിവസത്തിനിടയിൽ ആദ്യമായാണ് ഇത്രയും കുറവ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 2,795 പേർ കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 2,55,287 പേർ രോഗമുക്തി നേടി.
2,81,75,044 പേർക്ക് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 3,31,895 പേർ കോവിഡ് ബാധിച്ച് മരിച്ചു.
92.09 ശതമാനമാണ് ഇപ്പോൾ രോഗമുക്തി നിരക്ക്. ആകെ 2,59,47,629 പേർ രോഗമുക്തി നേടി. 18,95,520 സജീവ കേസുകളാണ് നിലവിൽ രാജ്യത്തുളളത്.
ഇതുവരെ 21,60,46,638 പേർ വാക്സിൻ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കോവിഡ് വകഭേദങ്ങൾക്ക് പേരിട്ടു; ഇന്ത്യയിലേത് ഡെൽറ്റ
ന്യൂഡൽഹി: അങ്ങനെ കോവിഡ് വകഭേദങ്ങൾക്കും പേരിട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയ കോവിഡ് വകഭേദങ്ങൾക്ക് ലോകാരോഗ്യ സംഘടനയാണ് പേരിട്ടത്.
ഡെൽറ്റ, കാപ്പ, ബീറ്റ, ഗാമ എന്നിങ്ങനെയാണ് പേരിട്ടത്. ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് 19ന്റെ വകഭേദമായ ബി 1.617ന് ഡെൽറ്റ എന്നാണ് പേര്. ഇതിനെ ഇന്ത്യൻ വകഭേദം എന്ന് വിളിക്കുന്നതിനെതിരെ ഇന്ത്യ നേരത്തെ രംഗത്തെത്തിയിരുന്നു.
കോവിഡ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളുടെ പേരിൽ കോവിഡ് വകഭേദങ്ങൾ അറിയപ്പെടരുതെന്ന് ഡബ്ലുഎച്ച്ഒയും നേരത്തെ നിലപാട് എടുത്തിരുന്നു.
ദക്ഷിണാഫ്രിക്കൻ വകഭേദത്തിന് ബീറ്റ എന്നും ബ്രസീൽ വൈറസ് വകഭേദത്തിന് ഗാമ എന്നുമാണ് പേരിട്ടത്. ബ്രിട്ടനിലെ ജനിതക മാറ്റം വന്ന വൈറസ് കാപ്പ എന്നറിയപ്പെടും. ഡെൽറ്റ വകഭേദം 53 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചത്.