കടലിന്റെ ഒാളങ്ങളിൽ ഊളിയിട്ട് ജെല്ലി ഫിഷുകൾ ഒരു പാവത്താനെപ്പോലെ കഴിയുന്നു. ഒറ്റ നോട്ടത്തിൽ കണ്ടാൽ ഒരു പാവം മത്സ്യം എന്നു പറയാം.
പക്ഷേ ഇവൻ ആളൊരു പുലിയാണ്, ഭീകരജീവിയും. ഇവനെക്കുറിച്ച് കൂടുതൽ പഠിച്ചാൽ ആരും നെഞ്ചത്ത് കൈവച്ചുപോകും.
ഇവനിത്രയും ക്രൂരനാണോയെന്ന് ഒാർത്ത്. ജെല്ലിഫിഷുകളിൽ ബോക്സ് ജെല്ലിഫിഷ് എന്നൊരു വർഗമുണ്ട്. ഇവൻമാരാണ് ഏറ്റവും വലിയ അപകടകാരികൾ.
കണ്ടാൽ നോക്കി നിന്നു പോകും
പ്രധാനമായും ഇന്തോ-പസഫിക് സമുദ്രങ്ങളുടെ മുകൾത്തട്ടിലാണ് ഇവറ്റകളെ കാണുന്നത്. ലോകത്തിലെ ഏറ്റവും വിഷമേറിയ സമുദ്രജീവികളിലൊന്നായാണ് ബോക്സ് ജെല്ലിഫിഷുകളെ കണക്കാക്കപ്പെടുന്നത്.
ഒറ്റനോട്ടത്തിൽ ഇവകളെ കണ്ടാൽ നല്ല സൗന്ദര്യമാണ്. നോക്കി നിന്നും പോകും. പക്ഷേ ഇവനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന വിഷത്തിന് ഒരു മനുഷ്യനെ കൂളായി കൊല്ലാം.
ഒരു ബോക്സിനോട് രൂപസാദൃശ്യമുള്ള ഉടലും അതിൽ നിന്ന് താഴേക്ക് നീണ്ടുകിടക്കുന്ന ടെൻഡക്കിളുകളും ഉൾപ്പെടുന്നതാണ് ഇവയുടെ രൂപം.
15 സെന്റിമീറ്ററോളം നീളമുള്ള ഓരോ ടെൻഡക്കിളുകളിലും കൂർത്ത അഗ്രഭാഗങ്ങളുണ്ടാകും. ഈ അഗ്രഭാഗം ഉപയോഗിച്ചാണ് വിഷം കുത്തിവയ്ക്കുന്നത്. ഈ വിഷം ഉപയോഗിച്ചാണ് ഇര പിടിക്കുന്നത്.
കരയിലെത്തുന്നതിനു മുൻപേ
മനുഷ്യ ശരീരത്തിലെ ഹൃദയം, നാഡീവ്യവസ്ഥ, ത്വക്കിലെ കോശങ്ങൾ തുടങ്ങിയവയെ ഒരേ സമയം ആക്രമിക്കാൻ ശേഷിയുണ്ട് ബോക്സ് ജെല്ലിഫിഷുകളുടെ വിഷത്തിന്.
ഈ വിഷത്തെ ചെറുക്കാൻ ആന്റിവെനം കണ്ടെത്തിയിട്ടുണ്ടെങ്കിലും കടലിൽവെച്ച് ഇവന്റെ വിഷം ഏറ്റാൽ കരയിൽ എത്തുന്നതിനിപ്പുറം ആ മനുഷ്യന്റെ ജീവൻ പോയിട്ടുണ്ടാവും.
അത്ര വേഗത്തിലാണ് ഈ വിഷം മനുഷ്യശരീരത്തിലേക്ക് വ്യാപിക്കുന്നത്. വിഷമേറ്റയാൾ ഹൃദയാഘാതം വന്നിട്ടാണ് മരിക്കുക. ആന്റിവെനം കിട്ടി ആൾ രക്ഷപ്പെടുകയാണെങ്കിലും ആഴ്ചകളോളം കടുത്ത ശരീരവേദന അനുഭവപ്പെടും.
രണ്ടു കിലോ വരെയാണ് പൂർണ വളർച്ചയെത്തിയ ബോക്സ് ജല്ലി ഫിഷിന്റെ ഭാരം. ഇവയുടെ ശരീരത്തിന് ഏകദേശം എട്ടിഞ്ച് നീളമുണ്ട്. 24 കണ്ണുകളാണുള്ളത്.
ബോക്സ് പോലെ കാണപ്പെടുന്ന ശരീരഭാഗത്തിന് ചുറ്റുമായാണ് കണ്ണുകളുടെ സ്ഥാനം. ഈ കണ്ണുകളുടെ സഹായത്തോടെ പത്തു മീറ്റർ ദൂരത്തിലുള്ള ഇരകളെ ഇവയ്ക്ക് കാണാൻ സാധിക്കും.
ചെറു മൽസ്യങ്ങൾ, ചെമ്മീൻ, വിരകൾ തുടങ്ങിയ ജീവികളാണ് ഇവയുടെ ഭക്ഷണം. ഇത്ര വലിയ ഭീകരനാണെങ്കിലും ഇവയ്ക്ക് വലിയ ആയുസില്ല. പരമാവധി രണ്ടു വർഷമാണ് ആയുർദൈർഘ്യം. കടലാമകൾ ജെല്ലിഫിഷുകളെ ആക്രമിച്ചു ഭക്ഷിക്കാറുണ്ട്.
തുടരും