ചാത്തന്നൂർ: എംബിബിഎസ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസിൽ കണ്ണനല്ലൂർ പോലീസ് പ്രതികളാക്കിയ വിദ്യാർഥികൾ മുൻകൂർ ജാമ്യം തേടി കൊല്ലം ജില്ലാ കോടതിയെ സമീപിച്ചു.
പോലീസ് ആവശ്യപ്പെട്ട റിപ്പോർട്ടുകളും രേഖകളും ആരോഗ്യ സർവ്വകലാശാല ഇതുവരെ നല്‍കിയിട്ടില്ലെന്നും അന്വേഷണം നടത്തുന്ന കണ്ണനല്ലൂർ സി.ഐ. അജി ചന്ദ്രൻ പറഞ്ഞു.
പരീക്ഷ സെന്ററായിരുന്ന മിയ്യണ്ണൂർ അസീസിയ മെഡിക്കൽ കോളജിൽ നിന്നും പിടിച്ചെടുത്ത രേഖകൾ പരിശോധിക്കുകയും അതനുസരിച്ച് കോളജിലെ ജീവനക്കാരെ ചോദ്യം ചെയ്തു വരികയുമാണ്.
ആരോഗ്യ സർവ്വകലാശാലയുടെ മൂന്നാം വർഷ എംബിബി എസ് പാർട്ട് (അഡീഷണൽ ) പരീക്ഷ എഴുതിയ തിരുവനന്തപുരം സ്വദേശികളായ നബീൽ സാജിദ്, പ്രണവ് ജി മോഹൻ, കൊല്ലം എഴുകോൺ സ്വദേശി മിഥുൻ ജെംസിൻ എന്നിവർക്കെതിരെയാണ് കണ്ണനല്ലൂർ പോലീസ് ആൾമാറാട്ടം, പരീക്ഷ ക്രമക്കേട് എന്നിവയ്ക്ക് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത്.
ഈ വിദ്യാർഥികളാണ് മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതിയിൽ സമർപ്പിച്ചത്. ഈ മൂന്ന് വിദ്യാർഥികളും പരീക്ഷാ ഹാളിൽ ഇരിക്കവേ ഇവർക്ക് വേണ്ടി പുറത്തിരുന്ന് മറ്റാരോ പരീക്ഷ എഴുതി ഉത്തരക്കടലാസ് തിരുകി കയറ്റി എന്നാണ് കേസ്.
മുഴുവൻ സമയവും പരീക്ഷാ ഹാളിൽ ഉണ്ടായിരുന്നുവെന്നും ആരോഗ്യ സർവ്വകലാശാല കണ്ടെടുത്ത ഉത്തരക്കടലാസിലെ കയ്യക്ഷരം തങ്ങളുടേതല്ലെന്നും അതിനാൽ വ്യാജരേഖ ചമച്ചു എന്ന ആരോപണം നിലനില്‍ക്കില്ലെന്നുമാണ് വിദ്യാർഥികളുടെ വാദം.
എന്നാൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഈ വിദ്യാർത്ഥികൾ നേരത്തെ ആരോഗ്യ സർവ്വകലാശാലയുടെ ആഭ്യന്തര അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതികളായ വിദ്യാർത്ഥികളോട് മൊഴി രേഖപ്പെടുത്താൻ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും അവർ ഇതുവരെ പോലീസ് സ്റ്റേഷനിൽ ഹാജരായിട്ടില്ല. പരീക്ഷ സെന്ററായിരുന്ന അസീസിയ മെഡിക്കൽ കോളേജിലെ സിസിടിവി ക്യാമറകളുടെ ചുമതലയുള്ള ജീവനക്കാരിൽ നിന്നും ഇന്നലെ പോലീസ്മൊഴി എടുത്തു.