തിരുവനന്തപുരം: പുതിയ മദ്യശാലകൾ തുറക്കുന്ന സർക്കാർ എങ്ങനെ മദ്യവിമുക്ത കേരളം സൃഷ്ടിക്കുമെന്ന് കെ.കെ. രമ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ.
മദ്യ ഉപയോഗം കുറയ്ക്കാൻ മദ്യശാലകൾ കുറയ്ക്കണമെന്ന അടിസ്ഥാനതത്വം പോലും സർക്കാർ മറക്കുന്നു.
നയപ്രഖ്യാപനത്തിൽ ഒട്ടും പുതുമയില്ല. ആഭ്യന്തര വകുപ്പ് നയം പ്രഖ്യാപിച്ചിട്ടില്ല. ലോക്കപ്പ് കൊല, വ്യാജ ഏറ്റുമുട്ടലുകൾ, യുഎപിഎ ചുമത്തലുകൾ ഇതിൽനിന്ന് എന്തു വ്യത്യസ്തതയാണ് പോലീസ് നയത്തിലുള്ളതെന്ന് അവർ ചോദിച്ചു.
കെ റെയിൽ പദ്ധതി കൊണ്ടുവന്ന് 20000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്നത് ആർക്കുവേണ്ടിയാണെന്ന് വ്യക്തമാക്കണം.
1082 ഹെക്ടർ ഏറ്റെടുത്ത് അവശിഷ്ട പ്രകൃതി സന്പത്തിനെപ്പോലും നശിപ്പിക്കും. പൊതുജനങ്ങളെ വഴിയാധാരമാക്കും.
വൻകിട കടക്കെണിയിൽ തള്ളുന്നതാണ് കിഫ്ബി. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മണിയടിക്കുന്ന ഗീതാ ഗോപിനാഥിനെപ്പോലെയുള്ള സാന്പത്തിക ഉപദേശകരാക്കിവച്ചവരെ എങ്ങനെയാണ് സോഷ്യലിസ്റ്റുകളെന്നു വിളിക്കുകയെന്ന് അവർ ചോദിച്ചു.
മരണ നിരക്കിൽ അവ്യക്തത സൃഷ്ടിച്ചു കേരളത്തിലെ കോവിഡ് മരണ കണക്ക് മറച്ചുവയ്ക്കുകയാണ്. മരിച്ചവരുടെ കണക്കുകൾ തദ്ദേശ സ്ഥാപനങ്ങൾക്കു നൽകുന്നില്ല.
ഭക്ഷ്യകിറ്റുവിതരണം രാഷ്ട്രീയവത്കരിച്ചിരിക്കുകയാണെന്നും അവർ പറഞ്ഞു.