കോഴിക്കോട്: തെരഞ്ഞെടുപ്പുതോല്വിക്കും തുടര്‍ന്നുണ്ടായ കുഴല്‍പ്പണ വിവാദത്തിനും ശേഷം ബിജെപിയില്‍ സൈബര്‍ കലഹം.
പരസ്യ പ്രതികരണങ്ങള്‍ക്കും സമൂഹമാധ്യമങ്ങള്‍ വഴിയുള്ള വിമര്ശനങ്ങള്ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പിനു പിന്നാലെ സൈബര്‍ ഗ്രൂപ്പുകള്‍ വഴിയാണ് സംസ്ഥാന നേതൃത്വത്തിനെതിരേ ഒളിയുദ്ധം നടക്കുന്നത്.
കുഴല്‍പ്പണ വിവാദത്തില്‍ പാര്‍ട്ടിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനു ഒബിസി മോര്‍ച്ചാ സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പല്പ്പുവിനെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയിരുന്നു.
സംസ്ഥാന നേതൃത്വത്തിനു കീഴിലുള്ള ഐടി സെല്‍ ഫേസ്ബുക്ക് നിരീക്ഷിക്കാന്‍ തുടങ്ങിയതോടെ വാട്സ്ആപ്പ് വഴിയാണിപ്പോള്‍ സംസ്ഥാന നേതൃത്വത്തിനെതിരേ പ്രചാരണം നടക്കുന്നത്.
കോന്നിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി നേരത്തേ പട്ടികയിലുണ്ടായിരുന്ന നേതാവെന്ന രീതിയിലാണ് ഇപ്പോള്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരേ വ്യാജ പ്രചാരണം നടക്കുന്നത്.
എന്നാല്‍ ഇത്തരത്തില്‍ കോന്നിയില്‍ ഒരാളെ പാര്‍ട്ടി തീരുമാനിച്ചിരുന്നില്ല. ഈ പേരുള്ള രണ്ടുപേരാണ് പത്തനംതിട്ടയിലുള്ളത്.
രണ്ടുപേര്‍ക്കും ഈ സന്ദേശവുമായി ബന്ധപ്പെട്ട് യാതൊരു വിവരവുമില്ല. തുടര്‍ന്ന് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി ഒരാള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
എ ക്ലാസ് മണ്ഡലമാണെങ്കിലും കൂടുതല്‍ തുക അനുവദിക്കില്ലെന്നും അതിനാല്‍ സ്ഥാനാര്ഥിയാവേണ്ടെന്നും പകരം സുരേന്ദ്രന് മത്സരിച്ച് കേന്ദ്രം അനുവദിച്ച തുക തട്ടിയെന്നുമുള്ള പ്രചാരണമാണ് നടക്കുന്നതെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു.
കൊല്ലം സ്വദേശിയായ യുവാവാണ് ഈ പ്രചാരണത്തിന് പിന്നിലുള്ളതെന്നാണ് ബിജെപി നേതൃത്വത്തിനു ലഭിച്ച വിവരം. പിന്നില്‍ ബിജെപിക്കുള്ളിലെ മറ്റു നേതാക്കള്‍ക്കുള്ള പങ്ക് സംബന്ധിച്ച് സംസ്ഥാന നേതൃത്വം അന്വേഷിച്ചുവരികയാണ്.
പത്തനംതിട്ടയിലെ സംഭവമാണെങ്കിലും ജില്ലയ്ക്കു പുറത്തുള്ള പ്രവര്‍ത്തകരില്‍ ഈ സന്ദേശമെത്തുക വഴി പാര്‍ട്ടി നേതൃത്വത്തിനെതിരേ വികാരമുയരും.
ഈ അവസരം മുതലെടുക്കാനാണ് മറുപക്ഷം ശ്രമിക്കുന്നത്. ഇത്തരത്തില്‍ വിവിധ ജില്ലകളില്‍ നിന്നും മറ്റു ജില്ലകളിലെ ബിജെപി പ്രവര്‍ത്തകരുടെ ഗ്രൂപ്പുകളിലേക്ക് വിവിധ സന്ദേശങ്ങള്‍ എത്തുന്നുണ്ടെന്നാണ് വിവരം
. കെ.സുരേന്ദ്രനെ മോശമായി ചിത്രീകരിക്കുകയും സംഘടനാതലത്തില്‍ നേതൃമാറ്റം നടപ്പാക്കുകയുമാണ് ഇതിന് പിന്നിലുള്ള ലക്ഷ്യമെന്നാണ് ഔദ്യോഗിക പക്ഷം വിലയിരുത്തുന്നത്.