പത്തനംതിട്ട: കോവിഡ് ബാധ പുകവലിക്കാരുടെ ആരോഗ്യത്തെ കൂടുതൽ ക്ഷയിപ്പിക്കുന്നതായി കണ്ടുവരുന്നുണ്ടെന്ന് കേരള ഹൈക്കോടതി മുൻ ജഡ്ജിയും കേരള ശാന്തി സമിതി സംസ്ഥാന പ്രസിഡന്റുമായ ജസ്റ്റീസ്സ്.പി.കെ.ഷംസുദ്ദീൻ.
കേരള ശാന്തി സമിതി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലോക പുകയില വിരുദ്ധ ദിനാചരണം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പുകവലിക്കാരായ കോവിഡ് ബാധിതരിൽ മരണസാധ്യത കൂടുതലാണ്. അനവധി രോഗങ്ങൾ പുകവലിയിലൂടെ ഉണ്ടാകാമെങ്കിലും സ്ഥായിയായ ശ്വാസം മുട്ടലാണ് കൂടുതൽ ആളുകളിലും പ്രകടമാക്കുന്നത്.
മുതിർന്നവർ പുകവലിക്കുന്നത് മൂലം വീടുകളിലെ കുട്ടികൾക്കും സ്ത്രീകൾക്കും കോവിഡ് രോഗം പിടിപെടുന്നുണ്ട്. പുകവലി നിർത്തുന്നതിനു സഹായകമായി കിറ്റ് ലൈൻ കേരളത്തിനു സമ്മാനിച്ച സർക്കാർ നടപടി സ്വാഗതാർഹമാണെന്നും ജസ്റ്റീസ് പറഞ്ഞു.
കേരള ശാന്തി സമിതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് റഷീദ് ആനപ്പാറ അധ്യക്ഷത വഹിച്ചു. ഗ്രേസ് വെൽ കൗൺസിലിംഗ് സെന്റർ പത്തനംതിട്ട ഡയറക്ടർ ഫാ. സാം പി.ജോർജ് പുകയിലയുടെ ദൂഷ്യ വശങ്ങളെ കുറിച്ചു ക്ലാസെടുത്തു.
ജില്ലാ സെക്രട്ടറി സുനിൽ തോമസ്, വൈസ് പ്രസിഡന്റ് ശ്രീജേഷ്, ജോയിന്റ് സെക്രട്ടറി ഇന്ദു, ട്രഷറർ ഷൈജു, കമ്മിറ്റിയംഗം ഷീജ ഇലന്തൂർ എന്നിവർ പ്രസംഗിച്ചു.