തിരുവല്ല: വീട്ടമ്മ ധൈര്യം കാട്ടിയപ്പോള്‍ കുടുങ്ങിയത് നിരവധി മോഷണക്കേസുകളിലെ പ്രതി. റാന്നി പഴവങ്ങാടി കള്ളികാട്ടില്‍ ബിനു തോമസ് ആണ് (30) ഇന്നലെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടിയത്.
റാന്നി – വെണ്ണിക്കുളം റോഡില്‍ തെള്ളിയൂരില്‍ എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം കാല്‍നടയാത്രക്കാരിയായ രാധാമണിയമ്മ(70)യുടെ മാല അപഹരിക്കാനുള്ള ശ്രമമാണ് ബിനുവിനു കുരുക്കായത്.
ബാങ്ക് എടിഎമ്മില്‍ പോയശേഷം വീട്ടിലേക്കു നടന്നുപോകുകയായിരുന്ന തന്റെ അരികില്‍ ബൈക്ക് നിര്‍ത്തി വഴി ചോദിക്കുന്നതിനിടെ മാല പറിക്കാനുള്ള ശ്രമം തിരിച്ചറിഞ്ഞ രാധാമണിയമ്മ വിട്ടുകൊടുത്തില്ല.
പ്രായാധിക്യമൊക്കെ മറന്ന് മോഷ്ടാവുമായി അവര്‍ മല്‍പ്പിടിത്തം നടത്തി. ഇതിനിടെ ബൈക്ക് മറിഞ്ഞ് മോഷ്ടാവ് നിലത്തുവീണു. രക്ഷയില്ലെന്നു വന്നപ്പോള്‍ ബൈക്കും ഹെല്‍മറ്റും ഉപേക്ഷിച്ച് കിട്ടിയ മാലയുമായി കടന്നുകളഞ്ഞു.
മാലയുടെ ഒരുഭാഗം രാധാമണിയമ്മയുടെ കൈവശവും ഉണ്ടായിരുന്നു.ബഹളം കേട്ടെത്തിയ നാട്ടുകാര്‍ അപ്പോള്‍തന്നെ തെരച്ചില്‍ തുടങ്ങി. സമീപത്തെ സിസിടിവിയിലെ ദൃശ്യങ്ങളും പരിശോധിച്ചു.
ആളെ തിരിച്ചറിഞ്ഞ നാട്ടുകാര്‍ തെരച്ചിലിനൊടുവില്‍ മൂന്ന് മണിക്കൂറിനുശേഷം തടിയൂരിനു സമീപം ഒരുവീട്ടില്‍ കഴിഞ്ഞിരുന്ന ബിനുവിനെ പിടികൂടി പോലീസിനു കൈമാറി.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ നിരവധി മോഷണം, പിടിച്ചുപറിക്കേസുകളില്‍ പ്രതിയാണെന്ന് വ്യക്തമായി. ഇതോടെ രാധാമണിയമ്മയ്ക്കു പോലീസിന്റെ വക ആദരം.
ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി വിളിച്ച് അഭിനന്ദിച്ചു. കോയിപ്രം സ്റ്റേഷനിലെ എസ്എച്ച്ഒ അടക്കമുള്ളവര്‍ വീട്ടിലെത്തി അഭിനന്ദിച്ചു.മോഷണവും പിടിച്ചുപറിയും സ്ഥിരം തൊഴിലാക്കിയ ബിനുവിനുവേണ്ടി പോലീസ് പ്രത്യേകസംഘത്തെ നിയോഗിച്ച് തെരച്ചില്‍ നടത്തിവരുന്നതിനിടെയാണ് ഇന്നലെ ഇയാളെ കുടുക്കാനായത്.
ആളുകളെ ആക്രമിച്ചു ഭീതി പരത്തി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് ഇയാള്‍ ജയില്‍ മോചിതനായത്. ഇതിനിടെയില്‍ ഏകദേശം പത്തോളം പിടിച്ചു പറി, മോഷണം നടത്തിയിട്ടുണ്ട്.
തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ അപകടത്തില്‍പ്പെട്ട് വന്നയാളുടെ ആഭരണങ്ങള്‍ കവര്‍ന്ന കേസിലും മാവേലിക്കര റെയില്‍വേ സ്റ്റേഷനു സമീപം വച്ച് ബൈക്കിലെത്തി റിട്ട. അധ്യാപികയെ ആക്രമിച്ചു പരിക്കേല്പിച്ചു മൂന്നു പവന് മാല കവര്‍ന്ന കേസിലും മാവേലിക്കര റെയില്‍വേ സ്റ്റേഷന് സമീപം വീട്ടില്‍ നിന്ന സ്ത്രീയെ വീട്ടില്‍ കയറി ആക്രമിച്ചു മാല കവര്‍ന്ന കേസിലും മാവേലിക്കരയില്‍ നിന്നും ബൈക്ക് മോഷ്ടിച്ച കേസിലും ബിനു പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പല ഭാഗത്തു നിന്നും നിരവധി ബൈക്ക് മോഷണക്കേസുകളിലും പോലീസ് ഇയാളെ അന്വേഷിച്ചു വരികയായിരുന്നു.
2014ല്‍ തിരുവല്ല റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന റിട്ടയേഡ് ഐബി ഉദ്യോഗസ്ഥന്റെ വീട്ടില്‍ പട്ടാപ്പകല്‍ വെള്ളം ചോദിച്ചെത്തി അകത്തു കയറി ഉദ്യോഗസ്ഥനെയും ഭാര്യയെയും ക്രൂരമായി മര്‍ദിച്ച ശേഷം ഇവരെ കെട്ടിയിട്ടു സ്വര്‍ണവും പണവും കവര്‍ന്ന കേസിലും പ്രതിയായിരുന്നു.
ലഹരി വസ്തുക്കള്‍ ഉപയോഗിച്ച ശേഷം ആളുകളെ മാരകമായി ഉപദ്രവിച്ചാണ് ഇയാള്‍ മോഷണം നടത്തുന്നത്.ഇയാളെ കണ്ടെത്താന്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി നിശാന്തിനിയുടെ നിര്‍ദേശാനുസരണം തിരുവല്ല ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
കോയിപ്രം എസ്എച്ച്ഒ ഡി. ഗോപി, എസ് ഐ ബൈജു, എഎസ്ഐ ആര്. അജികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മാത്യു, ജീവന് ദാസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍ ഗോപി, അഖിലേഷ്, മനോജ്, സുജിത് കുമാര്‍, വിമല്‍, പരശുറാം എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.