കോവിഡ് വ്യാപനത്തിൽ സൂപ്പർ ഹീറോ ആയിമാറിയ മലയാളിയെ ആദരിച്ച് ബ്രിട്ടൻ സർക്കാർ. മിടുക്കരായ സന്നദ്ധപ്രവർത്തകർക്ക് നൽകുന്ന യുകെ പോയിന്റ് ഓഫ് ലൈറ്റ് അവാർഡ് ആണ് പ്രഭു നടരാജനെ തേടിയെത്തിയത്.
2020 മാർച്ചിലാണ് പാലക്കാട്ടുകാരനായ പ്രഭു നടരാജനും ഭാര്യയും മകനും യുകെയിലെത്തിയത്. കോവിഡ് വ്യാപനം കൂടിയതോടെ ലോകരാജ്യങ്ങളെല്ലാം ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇതോടെ പ്രഭുവിന്റെ തൊഴിലിനേയും ബാധിച്ചു.
എന്നാൽ ലോക്ക് ഡൗണിൽ ബുദ്ധിമുട്ടുന്ന അടുത്തു താമസിക്കുന്നവരെ സഹായിക്കുന്നതിനായിരുന്നു 34 വയസ്സുകാരനായ പ്രഭു ശ്രദ്ധ ചെലുത്തിയത്.
പതിനൊന്നായിരത്തോളം ചോക്ലേറ്റും ഭക്ഷണ സാധനങ്ങളും ബൻബറിയിലെ നൂറുകണക്കിനാളുകൾക്ക് പ്രഭു എത്തിച്ചു നൽകി. കൂടാതെ ഭക്ഷണ ശേഖരണ കേന്ദ്രവും ആരംഭിച്ചു.
സാന്താക്ലോസ് അടക്കമുള്ള നിരവധി ഹീറോകളുടെ വേഷം ധരിച്ചാണ് പ്രഭു നടരാജൻ ഭക്ഷണവും ചോക്ലേറ്റും വിതരണം ചെയ്തത്.
ദിവസം 14 ലക്ഷം രൂപ!
നവംബർ 14ന് ആയിരുന്നു പ്രഭുവിന്റെ ഏഴാം വിവാഹ വാർഷികം. വിവാഹ വർഷിക ദിനത്തിൽ ഭക്ഷണം ആവശ്യമുള്ളവർ ബന്ധപ്പെടുക എന്നൊരു പോസ്റ്റ് പ്രഭു സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നു. തന്റെ കൈയിലുള്ള 15 പാക്കറ്റ് ഭക്ഷണപ്പൊതി അർഹരുടെ കൈയിൽ എത്തിക്കുക എന്നതായിരുന്നു പോസ്റ്റിന്റെ ഉദേശ്യം.
പക്ഷം പ്രഭുവിനെ ഞെട്ടിച്ച ഭക്ഷണത്തിനായി നൂറോളം ഫോൺ കോളുകളാണ് ലഭിച്ചത്. ഇതോടെ അവശ്യക്കാരെത്തോടി പ്രഭു തെരുവിലേക്ക് ഇറങ്ങുകയായിരുന്നു.
സൂപ്പർ ഹീറോകളുടെ വേഷത്തിലെത്തിയാണ് പ്രഭു തെരുവിൽ നിന്നും ആളുകളുടെ സഹായം സ്വീകരിച്ചിരുന്നത്. 14 ലക്ഷത്തോളം രൂപ ഒരു ദിവസം പ്രഭുവിന് സംഭാവനയായി ലഭിച്ചിരുന്നു.
പ്രഭുവിന്റെ അച്ഛനും 11 കുടുംബാംഗങ്ങളും ഒന്പത് സുഹൃത്തുക്കളുമാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടവർക്ക് വേണ്ടി അവാർഡ് സമർപ്പിക്കുന്നുവെന്ന് പ്രഭു നടരാജൻ പറഞ്ഞു.
‘നിങ്ങൾക്ക് സന്തോഷത്തോടെ ജീവിക്കണമെങ്കിൽ അടുത്തുള്ളവരുടെ കാര്യങ്ങൾകൂടി ശ്രദ്ധിക്കണം. തന്റെ പരിശ്രമം മാത്രമല്ല, ഭാര്യ ശിൽപ ബാലചന്ദ്രൻ, മകൻ അദ്ദു (അദ്വൈത് പ്രഭു), ബൻബറിയിലെ ജനങ്ങൾ എന്നിവരുടെ സഹായത്തോടെയാണ് പ്രവർത്തിക്കാൻ സാധിച്ചത്-പ്രഭു പറഞ്ഞു.
കത്തയയ്ച്ച് ബോറിസ് ജോൺസൻ
പ്രഭുവിന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രത്യേകം കത്തയച്ചു. കുടുംബങ്ങളിൽ സന്തോഷം നിലനിർത്താൻ സഹായിച്ചതിന് നന്ദിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
11,000 ത്തോളം പേർക്ക് സഹായമെത്തിക്കാൻ സാധിച്ചു. നിരവധി കുട്ടികൾക്ക് സന്തോഷം നൽകി. സൂപ്പർ ഹീറോയുടെ വേഷത്തിലാണ് ഇതെല്ലാം ചെയ്തതെങ്കലും യഥാർഥ സൂപ്പർ ഹീറോ താങ്കളാണ്- ബോറിസ് ജോൺസൻ കത്തിൽ പറഞ്ഞു.
ബൻബറി എംപി വിക്ടോറിയ പാരെന്റിസും പ്രഭു നടരാജനെ അഭിനന്ദിച്ചു. കോവിഡ് വ്യാപനത്തിനിടെ നടരാജൻ നടത്തിയ പ്രവർത്തനങ്ങൾ വലിയ പ്രചോദനമായിരുന്നു.
വരും ദിവസങ്ങളിൽ നേരിട്ട് കണ്ട് നന്ദി അറിയിക്കുമെന്നും അവർ പറഞ്ഞു. ഇതുവരെ 1636പേർക്ക് മാത്രമാണ് പോയിന്റ് ഓഫ് ലൈറ്റ് അവാർഡ് ലഭിച്ചിട്ടുള്ളത്.