വീട്ടിൽ പല്ലിയെ കണ്ടാൽ ചിലർക്ക് അറപ്പാണ്, ചിലർ തല്ലിക്കൊല്ലും, ചിലര്‍ ഗൗനിക്കില്ല… അങ്ങനെ പല തരത്തിലാണ് ആളുകൾ പല്ലികളോട് പെരുമാറുന്നത്.
എന്നാൽ മെക്സിക്കോയിലും ഗ്വാട്ടിമാലയിലും കാണപ്പെടുന്ന ഒരുതരം പല്ലിയുണ്ട്. അവകളോട് കൂടുതൽ അടുക്കാനോ അവകളെ ആക്രമിക്കാനോ തുനിയേണ്ട കേട്ടോ.
കാരണം നമ്മൾ ഇതുവരെ കണ്ടിട്ടുള്ളതും അറിഞ്ഞിട്ടുള്ളതുമായ പല്ലിയല്ല ഇനി നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഈ പല്ലിയൊരു വിഷ ജീവിയാണത്രേ.
സൂക്ഷിക്കണം
മനുഷ്യരെ അങ്ങനെ കാര്യമായി ആക്രമിക്കാറില്ലെങ്കിലും ചില പ്രത്യേക ഘട്ടത്തിൽ തരത്തിനു കിട്ടിയാൽ ഇവ മനുഷ്യനെയും ആക്രമിക്കും. ഇവയുടെ കടി വിരലിലെണ്ണാവുന്ന കുറച്ചുപേർക്കു മാത്രമേ കിട്ടിയിട്ടുള്ളൂവെന്നതാണ് ഏറെ ആശ്വാസകരം.
ഈ പല്ലികളിൽ പുരുഷ വർഗം സ്ത്രീ വർഗത്തേക്കാൾ അല്പം വലുതാണ്. പുരുഷന്മാരും സ്ത്രീകളും വിശാലമായ തലകളുള്ളവരാണ്. ഇവയുടെ അടിസ്ഥാന നിറം കറുപ്പാണ്. എങ്കിലും മഞ്ഞപ്പാടുകൾ പോലുള്ള ചില അടയാളങ്ങളൊക്കെ ഇവയുടെ ശരീരത്ത് കാണാം.
വാലാണ് പ്രശ്നം
കൊഴുപ്പ് സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ചെറിയ വാലുകളാണ് ഇത്തരം പല്ലികൾക്കുള്ളത്. മറ്റ് പല്ലികളിൽ നിന്ന് വ്യത്യസ്തമായി, ഈ പല്ലികളുടെ വാൽ മുറിച്ചാൽ പിന്നെ വീണ്ടും വളരില്ല. നാക്കുകൾ കൊണ്ടാണ് ഇവ മണം പിടിക്കുന്നത്.
ഇവയുടെ ആവാസ കേന്ദ്രങ്ങൾ പ്രധാനമായും മരുഭൂമി, ഉഷ്ണമേഖല ഇലപൊഴിയും വനങ്ങൾ, മുള്ളുചെടികൾ എന്നിവിടങ്ങളാണ്. പൈൻ-ഓക്ക് വനങ്ങളിലും ഇവ കാണപ്പെടുന്നു,
ചെറിയ പക്ഷികൾ, സസ്തനികൾ, തവളകൾ, മറ്റു പല്ലികൾ, പ്രാണികൾ എന്നിവയെ ഇവ ഭക്ഷണമാക്കുന്നു.
(തുടരും)