കെ.ഷിന്റുലാല്‍
കോഴിക്കോട് : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നയങ്ങള്‍ക്കെതിരേ നടക്കുന്ന പ്രക്ഷോഭങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം. ദ്വീപിലും പുറത്തുമുള്ള പ്രക്ഷോഭങ്ങളും ഇവയ്ക്ക് നേതൃത്വം നല്കുന്ന സംഘടനകളും ഏതെല്ലാമാണെന്ന് കണ്ടെത്താനാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചത്.
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനാണ് ചുമതല (ഐബി) നല്‍കിയത്.ലക്ഷദ്വീപ് കേന്ദ്രീകരിച്ചുള്ള പ്രക്ഷോഭങ്ങളെ കുറിച്ചും പ്രക്ഷോഭ രീതിയിലെ മാറ്റങ്ങളെ കുറിച്ചും ഐബി നിരീക്ഷിച്ചുവരികയാണ്. ലക്ഷദ്വീപിന് പുറത്ത് കേരളത്തിലും ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്.
കോഴിക്കോടും കൊച്ചിയും കേന്ദ്രീകരിച്ചാണ് കൂടുതലായും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും യുവജന സംഘടനകള്‍ക്കും പുറമേ പ്രതിഷേധത്തിനെത്തുന്ന സംഘടനകളുടെ മുഴുവന്‍ വിവരങ്ങളും ഐബി നിരീക്ഷിക്കുന്നുണ്ട്.
മതതീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളുടെ സാന്നിധ്യം പ്രതിഷേധങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍ .
നിരോധിതസംഘടനകളും നിരീക്ഷണത്തിൽ
ഈ സാഹചര്യത്തില്‍ ഇത്തരം സംഘടനകളുടെയും പോഷക സംഘടനകളുടെയും പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
നേരത്തെ നിരോധിച്ച സംഘടനകളുമായി ബന്ധമുള്ളവര്‍ പോലും ഇത്തരം പ്രക്ഷോഭങ്ങളില്‍ സജവീമായി ഇടപെടുന്നതായാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരം.
ഇത്തരം സംഘടനകള്‍ നടത്തുന്ന പ്രതിഷേധപരിപാടികള്‍ക്ക് സമാനമായ രീതിയില്‍ ദ്വീപിലും പ്രതിഷേധം നടക്കുന്നുണ്ടോയെന്നും നിരീക്ഷിച്ചുവരികയാണ്.
വീട്ടുമുറ്റ പ്രതിഷേധത്തിനു പിന്നിൽ…
ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും കഴിഞ്ഞ ദിവസം വീട്ടുമുറ്റ പ്രതിഷേധം അരങ്ങേറിയിരുന്നു. അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്നതുള്പ്പെടെയുള്ള ആവശ്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളേന്തിയുള്ള പ്രതിഷേധമായിരുന്നു നടന്നത്.
ഇത്തരത്തില്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധത്തിന് പിന്നില്‍ നേതൃത്വം നല്‍കുന്നവരുടെ പശ്ചാത്തലവും പരിശോധിക്കുന്നുണ്ട്.
കേന്ദ്രഏജന്‍സികള്‍ക്ക് പുറമേ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും പ്രതിഷേധക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാറിനെതിരേ നടത്തിയ ചില സമരങ്ങളില്‍ തീവ്രസ്വഭാവമുള്ള സംഘടനകള്‍ നുഴഞ്ഞുകയറിയിരുന്നു.
ഇത് സംബന്ധിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും കേന്ദ്രരഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ടും നല്‍കിയിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ സംസ്ഥാനത്ത് നടത്തിയ സമരങ്ങളില്‍ ചില രാഷ്ട്രീയ സംഘടനകള്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതായി മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു.
ഇത്തരം സംഭവങ്ങള്‍ ലക്ഷദ്വീപ് പ്രതിഷേധ പരിപാടികളില്‍ ആവര്‍ത്തിക്കാതിരിക്കാനാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചത്.