കോവിഡ് വ്യാപനം രാജ്യത്ത് കുറഞ്ഞു തുടങ്ങിയതോടെ ലോക്ഡൗണിലായിരുന്ന വിവിധ സംസ്ഥാനങ്ങള്‍ അണ്‍ലോക്ക് പ്രക്രിയയുമായി മുമ്പോട്ടു പോവുകയാണ്.
ഡല്‍ഹിയും ഉത്തര്‍പ്രദേശും ഘട്ടം ഘട്ടമായി തുറന്നിടല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. തുറന്നിടലുമായി ബന്ധപ്പെട്ട് മൂന്നിന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുകയാണ് ഐസിഎംആര്‍ തലവന്‍ ഡോ ബല്‍റാം ഭാര്‍ഗവ.
പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തില്‍ താഴെ എത്തിയാല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് അണ്‍ലോക്ക് നടപടികള്‍ക്ക് തുടക്കമിടാമെന്ന് ബല്‍റാം ഭാര്‍ഗവ നിര്‍ദേശിച്ചു.
ഒരാഴ്ച കാലയളവില്‍ ഇത് പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. അപകട സാധ്യത കൂടുതലുള്ള ആളുകളില്‍ 70 ശതമാനത്തിന് മുകളിലായിരിക്കണം വാക്സിനേഷന്.
അല്ലാത്ത പക്ഷം ഇതിന് വേണ്ട നടപടികള്‍ സ്വീകരിച്ച ശേഷം തുറന്നിടല്‍ നടപടിക്ക് തുടക്കമിടാമെന്ന് ബല്‍റാം ഭാര്‍ഗവ അഭിപ്രായപ്പെട്ടു.
കോവിഡ് മാനദണ്ഡങ്ങള്‍ ജനം കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക എന്നതാണ് മറ്റൊരു സുപ്രധാന നിര്‍ദേശം.
ജില്ലകളെ അടിസ്ഥാനമാക്കിയാണ് ബല്‍റാം ഭാര്‍ഗവയുടെ നിര്‍ദേശം. ജില്ലകളില്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പായാല്‍ തുറന്നിടല്‍ പ്രക്രിയ ഘട്ടം ഘട്ടമായി നടത്താന്‍ നടപടികള്‍ സ്വീകരിക്കാമെന്ന് ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി.
ക്രമാനുഗതമായി മാത്രമേ അണ്‍ലോക്ക് പ്രക്രിയ നടത്താവൂ എന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ രാജ്യത്ത് 323 ജില്ലകളില്‍ 44 ശതമാനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തില്‍ താഴെയാണ്.