പ്ലാനോ, ഡാളസ്: ഹിജാബ് ധരിച്ച് സഹോദരിക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്ത വനിതയെ എയർലൈൻസ് അധികൃതർ അപമാനിച്ചതായി പരാതി. ഫാത്തിമ എന്ന വനിതക്കാണ് ഈ ദുരനുഭവം ഉണ്ടായത്.
സൗത്ത് വെസ്റ്റ് എയർലൈൻസിലെ എക്സിറ്റ് ഡോറിനു സമീപം യാത്ര ചെയ്തിരുന്ന മുസ്‍ലിം വനിതയോട് അവിടെ നിന്നും മാറിയിരിക്കണമെന്നും അതേസമയം ഇവർക്കൊപ്പമുണ്ടായിരുന്ന ഹിജാബ് ധരിക്കാത്ത സഹോദരിയോട് ആ സീറ്റിൽ ഇരിക്കുവാനും ആവശ്യപ്പെട്ട ഫ്ലൈറ്റ് അറ്റന്‍റന്‍റിന്‍റെ നടപടിക്കെതിരെയാണ് പ്രതിഷേധം ഉണ്ടായത്.
ഫ്ലൈറ്റ് അറ്റന്‍റന്‍റിന്‍റെ നടപടിക്കെതിരെ ഡാളസ് ഫോർട്ട്‍വർത്ത് ചാപ്റ്റർ ഓഫ് കൗൺസിൽ ഓഫ് അമേരിക്കൻ ഇസ്‍ലാമിക് റിലേഷൻസ് സൗത്ത് വെസ്റ്റ് എയർലൈൻസിനെതിരെ പരാതി നൽകി.
ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ ജൂൺ ഒന്നിന് ചൊവ്വാഴ്ച മുസ് ലിം സിവിൽ റൈറ്റ്സ് ആൻഡ് അഡ്വക്കസി ഓർഗനൈസേഷൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അമേരിക്കയിൽ ജനിച്ചു വളർന്ന മുസ് ലിം യുവതിക്ക് ഇംഗ്ലീഷ് അറിയില്ലെന്നും ഇംഗ്ലീഷ് ഭാഷ അറിയാത്തവർക്ക് എക്സിറ്റ് ഡോറിനു സമീപം ഇരിക്കാൻ അനുവാദമില്ലെന്നും സീറ്റിൽ നിന്നും മാറിയിരുന്നില്ലെങ്കിൽ വിമാനം അടിയന്തരമായി നിലത്തിറക്കുമെന്നും ഫ്ലൈറ്റ് അറ്റന്‍റന്‍റ് ഭീഷിണിപ്പെടുത്തിയതായും ഇവരുടെ പരാതിയിൽ പറയുന്നു.
ഇംഗ്ലീഷ് ഭാഷ അറിയാത്തതല്ല, യുവതി ഹിജാബ് ധരിച്ചിരുന്നതാണ് ഇവർക്കെതിരെ ഫ്ലൈറ്റ് അറ്റന്‍റന്‍റ് പ്രകോപനപരമായി പെരുമാറിയതിനു കാരണമെന്ന് പ്ലാനോ ലൊ ഓഫീസ് അറ്റോർണി മാർവ നൽകിയ പരാതിയിൽ ചൂണ്ടികാണിക്കുന്നു. ഇതു തികച്ചും വംശീയ വിവേചനമാണ്.
ഇവർ സൗത്ത് വെസ്റ്റ് എയർലൈൻ അധികൃതർക്ക് സ്വകാര്യ പരാതി നൽകിയിരുന്നുവെങ്കിലും മറുപടി ലഭിക്കാത്തതുകൊണ്ടാണ് അറ്റോർണിയുമായി ബന്ധപ്പെട്ടത്.
ഇവർക്ക് ഇംഗ്ലീഷ് അറിയാം എന്നു പറഞ്ഞിട്ടും ഫ്ലൈറ്റ് അറ്റന്‍റന്‍റ് അംഗീകരിക്കാൻ തയാറായില്ലെന്നും പരാതിയിൽ പറയുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ