ഈരാറ്റുപേട്ട: ഫോണ്‍ വിളിച്ചാൽ വാറ്റ് ചാരായം കാറിൽ വീട്ടിലെത്തിക്കും. ഈ രീതിയിലാണ് ഈരാറ്റുപേട്ട പോലീസ് പിടികൂടിയ മൂന്നംഗ വാറ്റുകാരുടെ കച്ചവടം.കളത്തൂക്കടവ് സ്വദേശികളായ ദീപു (30), ശ്യം (27), തലപ്പലം സ്വദേശി മാത്യു (27) എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽനിന്നു 15 ലിറ്റർ ചാരായവും 80 ലിറ്റർ കോടയും രണ്ടു കാറുകളും മൂന്നു മൊബൈലുകളും പോലീസ് പിടിച്ചെടുത്തു.ലോക്ഡൗണിനെത്തുടർന്ന് ദീപു വീട്ടിൽത്തന്നെ യൂട്യൂബ് നോക്കിയാണ് ചാരായം വാറ്റ് ആരംഭിച്ചത്.
ശ്യാമും മാത്യൂസുമായിരുന്നു ചാരായം ലിറ്ററിന് 2,000 രൂപ നിരക്കിൽ വിൽപ്പന നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു. ആവശ്യക്കാർ വിളിച്ചു പറഞ്ഞാൽ നിശ്ചിത സമയത്തിനുള്ളിൽ കാറിൽ ചാരായം എത്തിച്ചു നല്‍കുകയായിരുന്നു ചെയ്തിരുന്നത്.
പനയ്ക്കപ്പാലം-പ്ലാശനാൽ റോഡിലൂടെ വാറ്റ്ചാരായവുമായി പ്രതികൾ കാറിൽ സഞ്ചരിക്കുന്നതായി പാലാ ഡിവൈഎസ്പി പ്രഭുല്ലചന്ദ്രകുമാറിന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ഈരാറ്റുപേട്ട പോലീസ് പനയ്ക്കപ്പാലത്തും പരിസര പ്രദേശങ്ങളിലും നിലയുറപ്പിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
തുടർന്ന് കളത്തൂക്കടവിലുള്ള ദീപുവിന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് വാറ്റുപകരണങ്ങളും കോടയും കണ്ടെത്തിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഈരാറ്റുപേട്ട എസ്ഐമാരായ വി.ബി. അനസ്, തോമസ് സേവ്യർ, സീനിയർ സിവിൽ പോലീസ് ഓഫീസർ അരുണ്‍ ചന്ദ്, ജിനു, കബീർ, ഷെറിൻ മാത്യു, സ്റ്റീഫൻ, സിവിൽ പോലീസ് ഓഫീസർ സുജിത്ത്, ശിവദാസ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ അറസ്റ്റ് ചെയ്തത്.