അടുത്ത ബന്ധുക്കളെ വിവാഹം കഴിക്കുന്നതു മൂലം പാരമ്പര്യ രോഗങ്ങള്‍ അടുത്ത തലമുറയിലേക്കു കൂടി പകരുമെന്ന് നിരവധി പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പണ്ടുകാലത്ത് ഇത്തരം വിവാഹങ്ങള്‍ സാധാരണമായിരുന്നെങ്കിലും ഇന്ന് ഇത്തരം വിവാഹത്തിന്റെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ ആളുകള്‍ അടുത്ത ബന്ധുക്കളെ വിവാഹം കഴിക്കുന്ന രീതി ഒഴിവാക്കിയിരിക്കുകയാണ്.
എന്നാല്‍ ചിലയിടങ്ങളില്‍ വൈദ്യശാസ്ത്രയുക്തി വകവെയ്ക്കാതെ ഇന്നും ഈ പതിവ് തുടര്‍ന്നുപോരുന്നു. ഇന്ത്യയുടെ അയല്‍രാജ്യമായ പാക്കിസ്ഥാനില്‍ ഈ പതിവ് ഇന്നുമുണ്ട്. പാക്കിസ്ഥാനില്‍ മാത്രമല്ല ഇംഗ്ലണ്ടില്‍ കുടിയേറി പാര്‍ക്കുന്ന പാക്കിസ്ഥാന് വംശജര്‍ക്കിടയിലും ഈ പരിപാടി സജീവമാണ്.
ഇത്തരം വിവാഹത്തിലൂടെ ജനിതക വൈകല്യമുള്ള നിരവധി കുട്ടികളാണ് ഇപ്പോള്‍ ബ്രിട്ടനില്‍ ജനിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
കുഞ്ഞുങ്ങളെ പ്രസവ സമയത്ത് നഷ്ടമാകുന്നതും. ശിശുമരണങ്ങളും ബ്രിട്ടനിലെ പാക്കിസ്ഥാന് വംശജര്‍ക്കിടയില്‍ വര്‍ധിച്ചു വരികയാണ്.
ബ്രാഡ്ഫോര്‍ഡില്‍ ഇത് സംബന്ധിച്ചു നടത്തിയ പഠനത്തില്‍ തെളിഞ്ഞത് ഇത്തരത്തില്‍ ശൈശവ രോഗങ്ങള്‍ ബാധിക്കുന്ന കുട്ടികളുടെ മാതാപിതാക്കളില്‍ മൂന്നില്‍ രണ്ടുപേര്‍ ഏറ്റവും അടുത്ത ബന്ധുക്കളെ വിവാഹം കഴിച്ചവരാണെന്നാണ്.
പാക് വംശജര്‍ അധികമുള്ള യോര്‍ക്ക്ഷയറിലാണ് പ്രസവാനന്തര ശിശുമരണങ്ങളും ശൈശവ രോഗങ്ങളും അധികമായി രേഖപ്പെടുത്തപ്പെടുന്നത്.
ബെര്‍മിംഗ്ഹാമിലും ശിശുമരണ നിരക്ക് ദേശീയ നിരക്കിന്റെ ഇരട്ടിയായപ്പോള്‍ അവിടെയും അതിനെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ഉത്തരവിട്ടു.
ദാരിദ്യവും പോഷകരാഹിത്യവും ശിശുമരണത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ടെങ്കിലും അഞ്ചില്‍ ഒരു കുട്ടി വീതം മരിക്കുന്നത് ജനിതക തകരാറുകള്‍ മൂലമാണെന്ന് ഇവിടെ നടത്തിയ പഠനത്തില്‍ തെളിഞ്ഞു.
വളരെ അടുത്ത ബന്ധുക്കള്‍ തമ്മില്‍ വിവാഹം കഴിക്കുന്നതാണ് കുട്ടികളില്‍ ജനിതക തകരാറ് വരാന്‍ കാരണമെന്നാണ് ജനിതക ശാസ്ത്രജ്ഞര്‍ പറയുന്നത്. ഏഷ്യന്‍ വംശജര്‍ക്കിടയില്‍, പ്രത്യേകിച്ച് പാക്കിസ്ഥാനികള്‍ക്കിടയില്‍ ഇത്തരത്തിലുള്ള വിവാഹങ്ങള്‍ കൂടുതലാണ്.
സഹോദരന്റെയും സഹോദരിയുടെയും മക്കള്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് പാക്കിസ്ഥാനില്‍ സാധാരണമാണ്. ഇതുമൂലം ഇങ്ങനെ വിവാഹിതരാവുന്ന ദമ്പതികള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് ജനിതക തകരാറുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
വെള്ളക്കാരായ കുട്ടികളില്‍ 295 പേരില്‍ ഒരാള്‍ക്ക് ശിശുരോഗങ്ങള്‍ കാണപ്പെടുമ്പോള്‍ ഏഷ്യന്‍ വംശജരില്‍ ഇത് 188-ല്‍ ഒരാള്‍ക്ക് എന്ന നിരക്കിലാണ് കാണപ്പെടുന്നത്.
ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹം നിരോധിക്കുക മാത്രമാണ് എന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ പറയുന്നത്.
പൗരന്മാരുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനായി സഹോദരങ്ങള്‍ തമ്മിലുള്ള വിവാഹം എന്നതുപോലെ അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹവും നിരോധിക്കേണ്ട കാര്യം സര്‍ക്കാര്‍ പരിഗണിക്കണം എന്ന് വടക്കു പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ മുഖ്യ ക്രൗണ്‍ പ്രോസിക്യുട്ടറായ നസീര്‍ അഫ്സല് പറയുന്നു.
സംസ്കാരത്തോടും പൈത്രകത്തോടും ഉള്ള അമിത വൈകാരികത ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന സമയത്ത് പരിഗണിക്കേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു.
ഒരു കുടുംബത്തിലെ ഒരാളില്‍ നിന്ന് ജനിതക തകരാറ് അടുത്ത തലമുറയിലേക്ക് പകരാനുള്ള സാധ്യത അത്രയധികമില്ലെങ്കിലും മാതാപിതാക്കള്‍ അടുത്ത ബന്ധുക്കളാണെങ്കില്‍ കുട്ടികള്‍ക്ക് ഇത്തരം ജീനുകള്‍ ലഭിക്കാന്‍ വലിയ സാധ്യതയാണുള്ളത്.
സാധാരണഗതിയില്‍, ഒരേ തകരാറുള്ള ജീനുകള്‍ ദമ്പതികളില്‍ കാണപ്പെടാനുള്ള സാധ്യത 100-ല്‍ ഒരാള്‍ക്ക് മാത്രമാണ്. എന്നാല്‍ അടുത്ത ബന്ധുക്കള്‍ തമ്മില്‍ വിവാഹം കഴിക്കുമ്പോള്‍ ഇത് എട്ടില്‍ ഒരാള്‍ക്ക് എന്ന നിലയിലേക്ക് ഉയരും എന്നതാണ് അപകടം.
എന്തെന്നാല്‍, ഇരുവര്‍ക്കും ഒരേ പാരമ്പര്യമായതിനാല്‍ ഇത്തരത്തിലുള്ള ജീനുകള്‍ ലഭിക്കുന്നതിനുള്ള സാധ്യത വളരെ വലുതാണ്. ഇത്രയും അപകട സാധ്യതയുണ്ടായിട്ടും പാക്കിസ്ഥാന് വംശജരില്‍ 55 ശതമാനം പേരും അടുത്ത ബന്ധുക്കളെയാണ് വിവാഹം കഴിക്കുന്നത് എന്നതും അതിശയകരമാണ്.
ഇതിന്റെ ഗൗരവം മനസ്സിലാക്കുവാന്‍ ചെറിയ ഒരു കണക്കുമതി. ബ്രിട്ടനിലെ ശിശു ജനങ്ങളില്‍ 3 ശതമാനം മാത്രമാണ് പാക്കിസ്ഥാന് വംശജരായിട്ടുള്ള ദമ്പതിമാരുടെ കുഞ്ഞുങ്ങളുടേത്.
എന്നാല്‍, ജനിതക തകരാറുള്ള കുട്ടികളീല്‍ 33 ശതമാനം വരെ പാക്കിസ്ഥാന് വംശജരുടെ കുട്ടികളാണ്. കുടുംബ സ്വത്ത് വഴിമാറി പോകാതിരിക്കുവാനാണ് പലരും അടുത്ത ബന്ധുക്കളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത്.