കൊച്ചി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി മുന്നോട്ടുപോകവേ എറണാകുളം ജില്ലയില്‍ രോഗമുക്തി നിരക്ക് 90 ശതമാനത്തിനു മുകളിലെത്തി. നിലവില്‍ 90.43 ശതമാനമാണു ജില്ലയിലെ രോഗമുക്തി നിരക്ക്.
ഇതുവരെ 31,5977 പേര് രോഗികളായപ്പോള്‍ 28,5728 പേരും രോഗമുക്തരായി. ചികിത്സയില്‍ കഴിഞ്ഞുവരുന്നവരുടെ എണ്ണം നാളുകള്‍ക്കുശേഷം മുപ്പതിനായിരത്തില്‍ താഴെയെത്തി. നിലവില്‍ 29,285 പേരാണു ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞുവരുന്നത്.
ഇതില്‍ ഭൂരിഭാഗംപേരും വീടുകളിലാണുള്ളത്. മരണസംഖ്യയാകട്ടെ ആശങ്കയായി തുടരുന്നു. 0.23 ശതമാനത്തിലിരുന്ന മരണനിരക്ക് നിലവില്‍ 0.29 ശതമാനമായാണ് ഉയര്‍ന്നത്.
915 പേര് ഇതിനോടകം കോവിഡിന് കീഴടങ്ങി. കഴിഞ്ഞമാസം ഏറ്റവും കൂടുതല്‍ പ്രതിമാസ മരണം റിപ്പോര്‍ട്ട് ചെയ്തു. വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കിടെ മരണം നൂറു പിന്നിടുന്ന കാഴ്ചകളാണു കാണാന്‍ സാധിക്കുക.
ജില്ലയില്‍ ഇന്നലെ 2325 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 4,910 പേര് രോഗ മുക്തി നേടി. 2,809 പേരെ കൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.
നിരീക്ഷണ കാലയളവ് അവസാനിച്ച 7,855 പേരെ നിരീക്ഷണ പട്ടികയില്‍നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 72,964 ആയി കുറഞ്ഞു.
ഇന്നലെ ജില്ലയില്‍നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍നിന്നായി 14,299 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റാകട്ടെ 16.25 ശതമാനമാണ്.