മാഹി: വാര്‍ഡ് വിഭജനത്തിലെ അപാകതകളുമായി ബന്ധപ്പെട്ട് പരാതികള്‍ വ്യാപകമായതോടെ മാഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് വീണ്ടും ചര്‍ച്ചയാകുന്നു.
അഞ്ചു വര്‍ഷം കൂടുമ്പോള്‍ എല്ലായിടങ്ങളിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുമെങ്കിലും ഭൂമി ശാസ്ത്രപരമായി കേരളത്തിലുള്ള പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയില്‍ ഇത്രയും കാലത്തിനിടെ തെരഞ്ഞെടുപ്പ് നടന്നത് മൂന്നു തവണ മാത്രം.
ഇപ്പോള്‍ നാലാമത്തെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും വാര്‍ഡ് വിഭജനം സംബന്ധിച്ച് വ്യാപകമായ പരാതി ഉയരുകയാണ്.
ഫ്രഞ്ച് ഭരണത്തില്‍ നിന്ന് ഇന്ത്യയിലേക്ക്
1947-ല്‍ ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോഴും മാഹി ഫ്രഞ്ച് ഭരണത്തിന് കീഴിലായിരുന്നു.
1947-ന് ശേഷം ഇന്ത്യയിലെ മറ്റെല്ലാ നാട്ടുരാജ്യങ്ങളെയും ഇന്ത്യാ യൂണിയിനില്‍ ലയിപ്പിക്കാനായിരുന്നെങ്കിലും ഫ്രാന്‍സിന്റെ കീഴിലായിരുന്ന മാഹി ഫ്രഞ്ച് ഭരണത്തിനു കീഴില്‍ തന്നെ തുടരുകയായിരുന്നു.
പിന്നീടുള്ള ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി 1954-ലാണ് മാഹിയില്‍ നിന്നു ഫ്രഞ്ചുകാര്‍ ഒഴിഞ്ഞു പോകുന്നതും ഇന്ത്യാ യൂണിയന്റെ ഭാഗമാകുന്നതും.
1700-കളില്‍ നിലവില്‍ വന്ന മാഹി മുനിസിപ്പാലിറ്റിയില്‍ ഫ്രഞ്ച് ഭരണവേളയില്‍ നിശ്ചിത വര്‍ഷത്തില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ നടന്നിരുന്നു.
ഫ്രഞ്ച് ഭരണകാലത്ത് മാഹിയുടെ പരമാധികാരി “മൂപ്പന് സായ്വെന്ന്’ പ്രദേശികമായി അറിയപ്പെട്ടിരുന്ന ഫ്രഞ്ച് ഉദ്യോഗസ്ഥനായിരുന്നു.
എങ്കിലും ക്രമസമാധാനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഈ ഉദ്യോഗസ്ഥനെക്കാള്‍ അധികാരം മേയര്ക്കുണ്ടായിരുന്നു. ഇത്തരത്തില്‍ ഒരു ചരിത്രമുള്ള മാഹിയില്‍ സ്വാതന്ത്ര്യാനന്തരം ആകെ മൂന്ന് തെരഞ്ഞെടുപ്പ് മാത്രമാണു നടന്നത്.
1955 ലായിരുന്നു സ്വതന്ത്രമാഹിയിലെ ആദ്യ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്. പിന്നീട് 1968ലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏറ്റവും ഒടുവില്‍ നടന്നത് 2006ലും. ഇപ്പോഴത്തെ മാഹി എംഎല്‍എയായ രമേശ് പറമ്പാത്തായിരുന്നു ഏറ്റവും ഒടുവിലത്തെ മേയര്‍.
തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലിന്റെ കാലാവധി കഴിഞ്ഞാല്‍ അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ മുനിസിപ്പല്‍ കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ചുമതല നല്‍കിയാണ് മുനിസിപ്പല്‍ ഭരണം. കൗണ്‍സില്‍ ഇല്ലാത്തതിനാല്‍ വികസന പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കുന്നതുള്പ്പെടെയുള്ളതില് ഉദ്യോഗസ്ഥ കൗണ്‍സിലിന് പരിമിതികളുണ്ട്.
കൗണ്‍സില്‍ ഇല്ലാത്തതു കാരണം പ്രാദേശികമായ വികസന വിഷയങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന് സര്‍ക്കാരില്‍ നിന്നു ഫണ്ട് അനുവദിപ്പിക്കാന്‍ കഴിയുന്നില്ല. ഇത് മാഹിയുടെ വികസനത്തിന് തടസമാകുകയാണ്.
മാഹി ഉള്‍പ്പെടുന്ന കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയില്‍ ഇന്നേവരെ പഞ്ചായത്ത് രാജ്-നഗരപാലിക നിയമം നടപ്പാക്കിയിട്ടുമില്ല.
അധികാര വികേന്ദ്രീകരണം നടപ്പിലാക്കാതെ 1968 ല്‍ നിലനിന്നിരുന്ന അധികാരങ്ങള്‍ മാത്രം നിലനിര്‍ത്തിയുള്ള ഉദ്യോഗസ്ഥ ഭരണ രീതിയാണ് ഇപ്പോഴും മാഹിയില്‍ നിലനില്‍ക്കുന്നതെന്നാണ് മറ്റൊരു വസ്തുത.
തെരഞ്ഞെടുപ്പിനായി നിയമ പോരാട്ടം
1968-ന് ശേഷം തെരഞ്ഞെടുപ്പ് നടക്കാതിരുന്ന സാഹചര്യത്തില്‍ അഭിഭാഷകനായ ടി. അശോക് കുമാര്‍ സുപ്രീം കോടതില്‍ കേസ് നടത്തി കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നായിരുന്നു 2006ല്‍ തെരഞ്ഞെടുപ്പ് നടത്തിയത്.
അഡ്വ. ടി. അശോക് കുമാര്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയിട്ടും തെരഞ്ഞെടുപ്പ് നടത്താതിരുന്നതിനാല്‍ ചീഫ് സെക്രട്ടറിക്കെതിരേ സുപ്രീം കോടതിയില്‍ കോടതി അലക്ഷ്യ നടപടിക്കായി കേസ് കൊടുത്തതോടെയായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിച്ചതും തെരഞ്ഞെടുപ്പ് നടത്തിയതും.
2006-ലെ കൗണ്‍സിലിന്റെ കാലാവധി കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് നടപടികള്‍ ഉണ്ടാവാത്തതിനെതുടര്‍ന്ന് അഡ്വ. അശോക് കുമാര്‍ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് കോടതി സെപ്റ്റംബറിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഉത്തരവിട്ടിരിക്കുകയാണ്.