ബോളിവുഡിന്റെ പ്രിയപ്പെട്ട താരമാണ് ജാന്‍വി കപൂര്‍. അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മ്മാതാവ് ബോണി കപൂറിന്റെയും മകളായ ജാന്‍വിയുടെ സിനിമാ അരങ്ങേറ്റത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്.
മകളുടെ അരങ്ങേറ്റ ചിത്രത്തിന്റെ റിലീസിന് മുന്‍പായിരുന്നു ശ്രീദേവിയുടെ വിയോഗം. ധടക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റം.
ബോളിവുഡ് അരങ്ങേറ്റത്തിന് മുമ്പ് അമ്മ തനിക്ക് നല്കിയ ഉപദേശം ഒരഭിമുഖത്തില്‍ ജാന്‍വി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നു.
ഒരിക്കലും ആരെയും ആശ്രയിക്കരുത്, നിന്റെ സ്വന്തം ഐഡന്റിറ്റി ഉണ്ടാക്കുക എന്നാണ് തന്നോട് അമ്മ പറഞ്ഞിട്ടുളളതെന്ന് ജാന്‍വി കപൂര്‍ പറയുന്നു.
നടിമാരായ ആലിയ ഭട്ട്, സാറ അലി ഖാന് തുടങ്ങിയവരെല്ലാം തനിക്ക് പ്രചോദനമായിട്ടുണ്ടെന്നും ജാന്‍വി കപൂര്‍ പറഞ്ഞു. ഷാഹിദ് കപൂറിന്റെ സഹോദരന് ഇഷാന് ഖത്തേര് ആയിരുന്നു ജാന്‍വി കപൂറിന്റെ ആദ്യ ചിത്രത്തിലെ നായകന്.
ധടക്കിന് പിന്നാലെ ഗോസ്റ്റ് സ്റ്റോറീസ്, അഗ്രേസി മീഡിയം, ഗുഞ്ചന് സക്സേന ദ കാര്‍ഗില്‍ ഗേള്‍, റൂഹി തുടങ്ങിയ സിനിമകളും ജാന്‍വിയുടെതായി പുറത്തിറങ്ങിയിരുന്നു.
ഇതില്‍ നെറ്റ്ഫ്ളിക്സ് റീലിസായി എത്തിയ ഗുഞ്ചന് സക്സേന എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകള്‍ ജാന്‍വി കപൂറിന് ലഭിച്ചിരുന്നു.
ദോസ്താന 2, ഗുഡ് ലക്ക് ജെറി തുടങ്ങിയവയാണ് താരപുത്രിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ സിനിമകള്‍. നയന്‍താരയുടെ തമിഴ് ചിത്രം കൊലമാവ് കോകിലയുടെ ബോളിവുഡ് റീമേക്കാണ് ഗുഡ് ലക്ക് ജെറി.