കൊച്ചി: രാജ്യത്തെ സാധാരണക്കാരന്റെ മനസിൽ പൊള്ളുന്ന തീക്കാറ്റായി ഇന്ധനവില കുതിപ്പ് തുടരുന്നു. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിച്ചത്.
ഇതോടെ കൊച്ചിയിൽ പെട്രോൾ വില 95.14 രൂപയും ഡീസൽ വില 90.55 രൂപയുമായി. തിരുവനന്തപുരത്താകട്ടെ പെട്രോൾ വില 96.74 രൂപയായപ്പോൾ ഡീസൽ വില 92.04 രൂപയായി.
നിലവിലെ സ്ഥിതി തുടർന്നാണ് സംസ്ഥാനത്തും പെട്രോൾ വില ഉടൻ സെഞ്ചുറിയടിക്കും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്ന് തുടങ്ങിയത്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മിക്ക സംസ്ഥാനങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ രാജ്യത്തെ സാധാരണക്കാരന്റെ ജീവിതം ബുദ്ധിമുട്ടുകയാണ്.
ഇതിനിടെയാണ് തീവെട്ടിക്കൊള്ളയുമായി ഇന്ധനവില വർധന. ഇതിനെതിരേ പ്രതിഷേധം ശക്തമാകുമ്പോഴും കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണ്.