തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സൃഷ്ടിച്ച വെല്ലുവിളി നേരിടുന്നതിനായി ബജറ്റിൽ 20,000 കോടിയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ 2,800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കൈയിലെത്തിക്കുന്നതിനായി 8900 കോടി രൂപയും അനുവദിക്കും.
സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകള്‍, പലിശ, സബ്സിഡി എന്നിവയ്ക്കായി 8300 കോടിയും ഈ പാക്കേജിലൂടെ ലഭ്യമാക്കും.
എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 10 ബെഡുള്ള ഐസലേഷൻ വാർഡുകൾ സജ്ജീകരിക്കും. ഒരു കേന്ദ്രത്തിനു മൂന്നു കോടി ചെലവുവരും. 636.5 കോടി രൂപ ആകെ ചെലവു വരുമെന്നും ധനമന്ത്രി പറഞ്ഞു.
തിരുവനന്തപുരം കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഐസൊലേഷൻ ബ്ലോക്ക് സ്ഥാപിക്കുന്നതിന് 50 കോടി അനുവദിച്ചു.
പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ എല്ലാ മെഡിക്കൽ കോളജിലും പ്രത്യേക ബ്ലോക്ക് ആരംഭിക്കും. പീഡിയാട്രിക് ഐസിയു കിടക്കൾ വർധിപ്പിക്കും. 150 മെട്രിക് ടൺ ശേഷിയുള്ള ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.