ദുബായ്: ഏകദിന, ട്വന്റി-20 ലോകകപ്പിലും ചാന്പ്യൻസ് ട്രോഫിയിലും സുപ്രധാന തീരുമാനങ്ങളുമായി ഐസിസി. ഏകദിന, ട്വന്റി-20 ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം ഐസിസി വർധിപ്പിച്ചു.
ദുബായിൽ നടന്ന ഐസിസി ബോർഡ് യോഗത്തിലാണ് തീരുമാനം. 2024-31 കാലയളവിൽ നടക്കുന്ന ലോകകപ്പിലാണ് കൂടുതൽ രാജ്യങ്ങൾ പങ്കെടുക്കുക.2019ലെ ലോകകപ്പിൽ ടീമുകളുടെ എണ്ണം പത്തായി കുറച്ചിരുന്നു. ഇത് 2027ൽ 14 ആക്കും. രണ്ട് ഗ്രൂപ്പുകളിലായി ഏഴു ടീം വീതമാണുണ്ടാകുക. ഇവയിൽനിന്ന് മൂന്ന് മുൻനിര ടീമുകൾ സൂപ്പർ സിക്സിലേക്ക് എത്തും.
ട്വന്റി20 ലോകകപ്പിൽ നാല് ഗ്രൂപ്പുകളിലായി അഞ്ചു ടീം വീതമുണ്ടാകും. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് മുൻനിര ടീമുകൾ സൂപ്പർ എട്ടിലേക്ക് മുന്നേറും.എട്ടു ടീമുകൾ മാറ്റുരയ്ക്കുന്ന ചാന്പ്യൻസ് ട്രോഫി തിരിച്ചെത്തുമെന്നും ഐസിസി അറിയിച്ചു.
2024, 2028 വർഷത്തെ ചാന്പ്യൻസ് ട്രോഫിയാണ് പ്രഖ്യാപിച്ചത്. രണ്ട് ഗ്രൂപ്പുകളായി നാല് ടീം വീതമാണ് കളിക്കുക. ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് തുടരാനും ഐസിസി തീരുമാനിച്ചു. 2025, 2027, 2029, 2031 വർഷങ്ങളിലാണ് ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ. 2023ൽ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ തീരുമാനമായില്ല.
ഐസിസി ട്വന്റി-20 ലോകകപ്പ് സംബന്ധിച്ച തീരുമാനം വേഗത്തിൽ കൈക്കൊള്ളണമെന്ന് ഐസിസി ബിസിസിഐക്ക് അന്ത്യശാസനം നൽകി. പാതിവഴിയിൽ നിശ്ചലമായ ഐപിഎൽ ട്വന്റി-20യുടെ 14-ാം സീസണ് യുഎഇയിൽ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് ബിസിസിഐ. ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട ട്വന്റി-20 ലോകകപ്പും യുഎഇയിൽ നടക്കാനാണ് സാധ്യത.