നെയ്യാറ്റിന്‍കര :കരമന- കളിയിക്കാവിള ദേശീയപാതയില്‍ വഴിമുക്ക് മുതല്‍ നെയ്യാറ്റിന്‍കര വരെ പലയിടങ്ങളിലായി അപകട ഭീഷണിയുയര്‍ത്തി കുഴികള്‍.
മാസങ്ങളായി ഈ അവസ്ഥ തുടര്‍ന്നിട്ടും ബന്ധപ്പെട്ട അധികൃതര്‍ പരിഹാര നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
നഗരസഭയുടെ പ്രവേശന കവാടമായ വഴിമുക്കിനു പരിസരം മുതല്‍ ചെറുതും വലുതുമായ നിരവധി കുഴികളാണുള്ളത്. ചിലയിടങ്ങളില്‍ പാതയുടെ വശങ്ങളോട് ചേര്‍ന്നാണെങ്കില്‍ ചിലയിടത്ത് മധ്യഭാഗത്തു തന്നെയാണ് കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്.
ടാറിളകിയപ്പോള് തന്നെ അറ്റകുറ്റപ്പണികള്‍ ചെയ്തിരുന്നെങ്കില്‍ ഈ സാഹചര്യം വരില്ലായിരുന്നുവെന്ന് ചില യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. ഇരുചക്രവാഹനങ്ങള്‍ക്കാണ് ഈ കുഴികള്‍ ഏറെ അപകടം വിതയ്ക്കുന്നത്.
മഴക്കാലത്ത് വെള്ളം ഈ കുഴികളില്‍ കെട്ടിക്കിടക്കുന്പോള് ആഴം അറിയാനാകാതെയും ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടും.