ചവറ: അലഞ്ഞു നടന്ന അന്യസംസ്ഥാനക്കാരന് കൈത്താങ്ങായി മനുഷ്യ സ്നേഹികളായ യുവാക്കൾ. ചവറ തട്ടാശേരി ജംഗ്ഷനു സമീപത്തെ ഒരു പഴയ സിനിമ തീയറ്ററിനുള്ളിലാണ് ഇയാളെ കണ്ടെത്തിയത്.
ഒരു മാസക്കാലമായി ഇയാൾ ഈ ഭാഗത്ത് ഉള്ളതായി സമീപവാസികൾ പറയുന്നു. ജംഗ്ഷനു സമീപമുള്ള സ്നേഹ ഹോട്ടലിലെ നടത്തിപ്പുക്കാരൻ കുട്ടൻ ഇയാൾക്ക് ഭക്ഷണം നൽകി വന്നിരുന്നു.
എന്നാൽ ലോക്ക്ഡൗണിനെ തുടർന്ന് കട അടഞ്ഞ് കിടക്കുകയാണ്. കുറച്ചു ദിവസമായി പുറത്തു കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അവശനിലയിൽ കണ്ടെത്തിയത്.
തുടർന്ന് കുട്ടനും സുഹൃത്തുകളായ ഷിഹാബുദീൻ, മനോജ്, അജി എന്നിവരുടെ നേതൃത്വത്തിൽ ആഹാരം നൽകി. ശേഷം വളർന്നു കിടന്ന തല മുടിയും ദീക്ഷയും വെട്ടി കളഞ്ഞു കുളിപ്പിച്ച് വൃത്തിയാക്കി നല്ല വസ്ത്രങ്ങളും അണിയിച്ചു.
വൃത്തിഹീനമായ സ്ഥലത്തായിരുന്നു ഇയാളെ യുവാക്കൾ കണ്ടത്. തുടർന്നു അവർ അവിടം വൃത്തിയാക്കുകയും ചെയ്തു. ഇയാൾ നല്ലതുപോലെ ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ എഴുതുകയും വായിക്കുകയും ചെയ്യുന്നുണ്ട്.
ത്സാർഖണ്ട് സ്വദേശിയാണെന്നു പറയപ്പെടുന്നു. ഇയാൾ പറയുന്ന സ്ഥലത്തെ അധികൃതരുമായി ബന്ധപ്പെട്ടു ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമവും യുവാക്കൾ നടത്തി വരുന്നുണ്ട്.
ഇപ്പോൾ ഈ യുവാക്കളുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ കരുണയിൽ കിട്ടുന്ന ഭക്ഷണമാണ് ഇയാൾക്ക് നൽകിവരുന്നത്.
എത്രയും പെട്ടന്ന് ഏതെങ്കിലും സന്നദ്ധ സംഘടനയോ അഭയ കേന്ദ്രങ്ങളോ സംരക്ഷിക്കാൻ വരണമെന്നാണ് യുവാക്കൾ ആവശ്യപ്പെടുന്നത്.
കോവിഡ് വ്യാപന കാരണം പറഞ്ഞ് അഭയ കേന്ദ്രങ്ങൾ ഇയാളെ സ്വീകരിക്കുന്നില്ലെന്നും ആരോപണം ഉണ്ട്. ആരെങ്കിലും എത്തി ഇയാളെ സംരക്ഷിക്കണമെന്നാണ് യുവാക്കൾ ആവശ്യപെടുന്നത്.
കാട് മൂടികിടക്കുന്ന പ്രദേശം കൂടിയാണെന്നും ഇഴജന്തുക്കളുടെയും നായ്ക്കളുടെയും ഉപദ്രവം ഉണ്ടാകാനും സാധ്യത ഉണ്ടെന്നും ഇവർ പറയുന്നു.