വൈക്കം: കോവിഡ് രോഗികളെ സംസ്കരിക്കുന്നതിനിടയിൽ പ്രവർത്തനം നിലച്ച വൈക്കം നഗരസഭ പൊതു ശ്മശാനത്തിലെ തകരാറു പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട അറ്റകുറ്റപണിയിൽ കരാറുകാരൻ ക്രമക്കേടു കാട്ടിയതായി ആരോപണം.
എൽഡിഎഫ് പാർലമെന്ററി പാർട്ടിയാണ് ആരോപണം ഉന്നയിച്ചത്. ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്പോൾ ഉണ്ടാകുന്ന ചൂടും പുകയും പുറം തള്ളാൻ സ്ഥാപിച്ച ശക്തിയേറിയ മോട്ടോർ തകരാറിലായപ്പോൾ കരാറുകാർ നഗരസഭ അധികതരെ അറിയിക്കാതെ ശക്തി കുറഞ്ഞ മോട്ടോർ സ്ഥാപിച്ചത് പരിശോധനയിൽ കണ്ടെത്തിയതായി പ്രതിപക്ഷ കൗണ്‍സിലർമാർ പറഞ്ഞു.
ചൂടു കൂടി യന്ത്രത്തിലേക്കുള്ള വയറിംഗ് കത്തിപ്പോയതിനെത്തുടർന്നാണ് സംസ്കാരം തടസപ്പെട്ടത്. വയറിംഗ് നടത്തുന്നതിനും ജനറേറ്ററിന്റെ ബാറ്ററി മാറ്റുന്നതിനും 29,800 രൂപ ചെലവഴിച്ചിരുന്നു.
കേടുവന്ന പഴയ മൂന്ന് എച്ച്പി മോട്ടോർ റീ വൈൻഡ് ചെയ്തു പ്രവർത്തനക്ഷമമാക്കുന്നതിന് 8,000ത്തോളം രൂപ മതിയെന്നിരിക്കെ പുക കുഴൽ പെയിന്റടിച്ചും ടാങ്ക് വൃത്തിയാക്കുകയും ചെയ്തു നഗരസഭ എഞ്ചിനിയറുടേയോ സാങ്കേതിക വിദഗ്ധരുടേയോ റിപ്പോർട്ടില്ലാതെ കരാറുകാരനു 90,000 രൂപ നൽകുന്നതിനു പിന്നിൽ ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷ കൗണ്‍സിലർമാർ കുറ്റപ്പെടുത്തുന്നു.
അനധികൃതമായി പണം ഈടാക്കിയവർക്കെതിരേ നഗരസഭ കർശന നടപടി സ്വീകരിക്കണം. നഗരസഭ സമൂഹ അടുക്കള ആരംഭിക്കണമെന്നും മഴക്കാലപൂർവ ശുചീകരണം ശക്തമാക്കി സാംക്രമിക രോഗ ഭീഷണി ഒഴിവാക്കണമെന്നും പ്രതിപക്ഷ കൗണ്‍സിലർമാർ ആവശ്യപ്പെട്ടു.