തിരുവനന്തപുരം: മഹാരഥന്മാരുടെ ഉദ്ധരണികളോ കവിതാശകലങ്ങളുടെ മേമ്പൊടിയോ ഇല്ലാതെ ഒരു മണിക്കൂറിൽ കന്നി ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ.ബാലഗോപാൽ.
രാവിലെ ഒമ്പതിന് തുടങ്ങി കൃത്യം പത്ത് മണിക്ക് ബജറ്റ് അവതരണം പൂർത്തിയാക്കി പിരിഞ്ഞു. ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ് അവതരണങ്ങളില്‍ ഒന്നായി ബാലഗോപാലിന്റെ കന്നി ബജറ്റ്.
നാടകീയ പ്രഖ്യാപനങ്ങളൊന്നും മുമ്പോട്ടുവയ്ക്കാത്ത ബജറ്റിൽ പുതിയ നികുതി നിർദേശങ്ങളൊന്നും ഉൾപ്പെട്ടിട്ടില്ല.
കോവിഡ് പ്രതിരോധത്തിലൂന്നിയാണ് ബാലഗോപാല്‍ 16,910.12 കോടി ധനകമ്മിയുള്ള ബജറ്റ് അവതരിപ്പിച്ചത്. കോവിഡ് പ്രതിസന്ധി നേരിടാൻ ഇരുപതിനായിരം കോടി രൂപയുടെ പാക്കേജാണ് ശ്രദ്ധേമായ പ്രഖ്യാപനം.
മുന്‍ഗാമിയായ തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം അതിലെ കവിതാശകലങ്ങളും ഉദ്ധരണികളാലും സമ്പന്നമായിരുന്നു.
എന്നാൽ തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെയും കോവിഡിന്റെ വെല്ലുവിളി അതിജീവിക്കാൻ ഉതകുന്ന പ്രഖ്യാപനങ്ങൾക്കുമാണ് ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് ഊന്നല്‍ നല്‍കിയത്.