സ്വന്തം ലേഖകന്‍
തിരുവനന്തപുരം: അന്തരിച്ച എം.ജെ. ശ്രീജിത്ത് എന്ന മാധ്യമപ്രവര്ത്തകന്, സഹപ്രവര്‍ത്തകര്‍ക്കിടയിലെ വേഗക്കാരനായിരുന്നു. വാര്‍ത്തകള്‍ക്കു വേണ്ടിയുള്ള അന്വേഷണങ്ങളിലും വിവരശേഖരണത്തിലും വാര്ത്തയെഴുത്തിലുമെല്ലാം ചടുലതാളം സൂക്ഷിച്ചിരുന്നൊരാള്.
വാര്‍ത്തയില്‍ മാത്രമല്ല പത്രപ്രവര്‍ത്തകരുടെ അവകാശപ്പോരാട്ടങ്ങളിലും ആഘോഷക്കൂട്ടായ്മകളിലുമെല്ലാം അതേ വേഗത്തില്‍ ശ്രീജിത്ത് ഓടിനടന്നു. സെക്രട്ടേറിയറ്റിനു മുന്നില്‍ തീപാറുന്ന സമരപരമ്പരകള്‍ അരങ്ങേറുമ്പോള്‍ അവിടെ ശ്രീജിത്തിനെ കാണാം.
അല്പനേരം കഴിഞ്ഞാല്‍ ഓഫീസില്‍ ഇരുന്നു അതിവേഗത്തില്‍ വാര്‍ത്ത ടെപ്പു ചെയ്യുകയാവും. പത്രത്തിന്റെ അവസാനത്തെ പേജും പ്രസിലേക്ക് പോയിക്കഴിഞ്ഞാല്‍ പ്രസ്ക്ലബ്ബിനു മുന്നില്‍ “അണ്ണാ’എന്നും “ഡേയ് ‘എന്നുമുള്ള വിളിയോടെ പത്രസുഹൃത്തുക്കളോട് കൂട്ടുകൂടി നില്‍പ്പുണ്ടാവും.
ആര്‍ക്കും കിട്ടാത്ത വാര്‍ത്തകള്‍ കണ്ടെത്തണം, ലോകത്തെ അറിയിക്കണം അത് ഒരാവേശമായി ശ്രീജിത്ത് കൊണ്ടു നടന്നിരുന്നു. പതിനാല് വര്‍ഷങ്ങള്‍ക്കു മുമ്പ് ദീപിക തിരുവനന്തപുരം യൂണിറ്റില്‍ റിപ്പോര്‍ട്ടറായി ജോലിയില്‍ പ്രവേശിച്ച നാള് മുതല്‍ കൂടെക്കൊണ്ടു നടന്ന ഈ ശീലം ഏതാനും ആഴ്ചകള്‍ക്കു മുമ്പ് രോഗക്കിടക്കയിലും വിട്ടു പോകാതെ കൂടെയുണ്ടായിരുന്നു.
ആശുപത്രി കിടക്കയിലായിരിക്കുമ്പോഴും വാട്സ് ആപിലൂടെ ന്യൂസ് ഡെസ്കിലേക്ക് വാര്ത്തകളെത്തുമ്പോള് സഹപ്രവര്‍ത്തകര്‍ പോലും അതിശയിച്ചിരുന്നു. തന്റെ പത്രത്തിന് തിരുവനന്തപുരത്തുനിന്നുള്ള ഒരു വാര്‍ത്ത മിസ് ആകുന്നത് ശ്രീജിത്തിലെ റിപ്പോര്‍ട്ടര്‍ക്ക് സഹിക്കാന്‍ കഴിയുന്ന കാര്യമായിരുന്നില്ല.
തന്റെ അവധി ദിനങ്ങളില്‍ പോലും മറ്റാര്‍ക്കും ലഭിക്കാത്ത വാര്‍ത്തകള്‍ക്കു വേണ്ടിയുള്ള അന്വേഷണങ്ങള്‍ ശ്രീജിത്ത് തുടര്‍ന്നിരുന്നു. രോഗം ഗുരുതരാവസ്ഥയിലെത്തുന്നതു വരെ വാര്‍ത്തകളുടെ ലോകത്തുനിന്ന് മാറിനില്ക്കുവാന് ഒട്ടും കൂട്ടാക്കിയിരുന്നില്ല.
വാര്‍ത്തയോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് ശ്രീജിത്ത് ഒരിക്കല്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്, “കുറച്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്നു ഓഫീസിലെത്തി. വാര്‍ത്തകളുടെ ലോകത്തു ജീവിക്കാനാണ് എന്നും എനിക്ക് ഇഷ്ടം. പക്ഷേ എല്ലായിപ്പോഴും കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലല്ലല്ലോ.
രണ്ടാമത്തെ സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലായിരുന്നപ്പോഴും എത്രയും പെട്ടെന്ന് വാര്‍ത്തകളുടെ ലോകത്തേക്ക് മടങ്ങി വരാന്‍ കഴിയണമെന്നായിരുന്നു പ്രാര്‍ഥന. ഇന്ന് ഓഫീസിലേയ്ക്ക് വരാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ, എന്റെ ബൈലൈന്‍ ഇന്നത്തെ രാഷ്ട്രദീപികയില്‍ ഉണ്ടാകണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു.
അത് സാധ്യമായി. കഴിഞ്ഞ രണ്ടു ദിവസമായി കേരളം കേള്‍ക്കാനും അറിയാനും ആഗ്രഹിച്ച മന്ത്രി കെ.ടി. ജലീലിന്റെ ആദ്യ പ്രതികരണം. ഇത്രയും ദിവസം കേരളം ചോദിച്ച ചോദ്യങ്ങളുടെയെല്ലാം ഉത്തരം വിശദമായി തന്നെ മന്ത്രി എനിക്ക് തന്നു. ചോദ്യം ചെയ്യലിന് ശേഷം ഒരു പത്ര ദൃശ്യമാധ്യമത്തിന് ജലീല്‍ നല്കിയ വിശദമായ അഭിമുഖം’.
ശ്രീജിത്ത് വാര്‍ത്തയെ സമീപിക്കുന്ന രീതി ഇങ്ങനെയായിരുന്നു. കേരളം ചര്‍ച്ച ചെയ്യുന്ന അന്നത്തെ പ്രധാന വിഷയത്തില്‍ ആര്‍ക്കും ലഭിച്ചിട്ടില്ലാത്ത ഒരു എക്സ്ക്ലൂസീവ് വാര്‍ത്ത, അത് എങ്ങനെയും സാധ്യമാക്കണം. പക്ഷേ അപ്പോഴും കേട്ടുകേള്‍വികള്‍ക്കു പിന്നാലെ പായുന്ന ഒരു മാധ്യമപ്രവര്‍ത്തകനായിരുന്നില്ല ശ്രീജിത്ത്.
ആഴത്തില്‍ അന്വേഷിച്ചറിയുന്ന വാര്‍ത്തകള്‍ വായനക്കാരുമായി പങ്കുവയ്ക്കുന്നതില്‍ ശ്രീജിത്ത് ആനന്ദം കണ്ടെത്തി. ആ വാര്‍ത്ത തേടല്‍ അതിവേഗം നിര്‍വഹിക്കാന്‍ ശ്രീജിത്തിനു കഴിയുമായിരുന്നു. വാര്‍ത്തയില്‍ മാത്രമല്ല ജീവിതത്തിലുടനീളം പുലര്‍ത്തിയിരുന്ന ആ വേഗത, അപ്രതീക്ഷിതമായ വിടവാങ്ങലിലും നിഴലിക്കുന്നു എന്നത് സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും ദുഖത്തിലാഴ്ത്തുകയാണ്.
36-ാം വയസിലാണ് ശ്രീജിത്ത് ഈ ലോകത്തോടു വിടപറഞ്ഞത്. അതിനിടയില്‍ തന്നെ എന്നും ഓര്മിക്കപ്പെടാന് കഴിയുന്നത്ര വാര്‍ത്തകള്‍ എം.ജെ. ശ്രീജിത്ത് എന്ന ബൈലൈനില്‍ അച്ചടിച്ചു വന്നു. കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചും സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴി നടക്കുന്ന മയക്കു മരുന്ന് കടത്തിനെക്കുറിച്ചുമുള്ള ശ്രീജിത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ സംസ്ഥാന മദ്യവര്‍ജന സമിതിയുടെ മാധ്യമ പുരസ്കാരത്തിനര്‍ഹമായി.
വാര്‍ത്തയുടെ ലോകത്തെത്തുന്നതിനു മുമ്പ് കവിതയിലും ശ്രീജിത്ത് ഒരിടം കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. കോളജ് പഠനകാലത്ത് ശ്രീ ഗീതങ്ങള്‍ എന്ന പേരില്‍ ഒരു കവിതാ സമാഹാരം പുറത്തിറക്കിയെങ്കിലും പിന്നീട് ആ രംഗത്ത് അധികം ശ്രദ്ധ ചെലുത്തിയില്ല. വാര്‍ത്തകള്‍ക്കു പിന്നാലെ പായാനായിരുന്നു ശ്രീജിത്തിന് എന്നും ഏറെയിഷ്ടം.
അനുസ്മരണം നാളെ
തിരുവനന്തപുരം: പ്രസ് ക്ലബ് അംഗവും ദീപിക റിപ്പോർട്ടറുമായ എം.ജെ. ശ്രീജിത്തിന്റെ വിയോഗത്തെ തുടർന്ന് നാളെ ഉച്ചയ്ക്ക് 12ന് പ്രസ്ക്ലബ് ഹാളിൽ അനുസ്മരണ യോഗം സംഘടിപ്പിക്കും. രാഷ്ട്രീയ-സാംസ്കാരിക-സാഹിത്യ മേഖലയിലെ പ്രമുഖരും മുതിർന്ന മാധ്യമപ്രവർത്തകരും പങ്കെടുക്കുമെന്ന് പ്രസ്ക്ലബ് പ്രസിഡന്റ് സോണിച്ചൻ പി. ജോസഫും സെക്രട്ടറി എം. രാധാകൃഷ്ണനും അറിയിച്ചു.