തൊടുപുഴ: കാലവർഷം എത്തിയതിന്റെ സൂചന നൽകി ജില്ലയിൽ മഴ കനത്തു തുടങ്ങി. ഇന്നലെയോടെയാണ് ഇടിയോടു കൂടിയ മഴ ജില്ലയുടെ വിവിധ മേഖലകളിൽ ലഭിച്ചത്.
ഇന്നുമുതൽ മഴ ശക്തിപ്പെടുമെന്നാണ് വിലയിരുത്തൽ. കാലവർഷം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണത്തിനായി ജില്ലാ ഭരണകൂടം കഴിഞ്ഞ മാസം തന്നെ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു.
കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കുന്ന തിരക്കിലാണ് ജില്ലാ അധികൃതർ. ദുരന്ത പ്രതിരോധത്തിനും ലഘൂകരണത്തിനും ഉപകാരപ്രദമാകുന്ന ജില്ലയിലെ എല്ലാ വിഭവങ്ങളുടേയും സാമഗ്രികളുടേയും വാഹനങ്ങളുടേയും കണക്ക് നിർവഹണ ഉദ്യോഗസ്ഥർ ജില്ലാ ദുരന്ത നിവാരണ സമിതിയ്ക്ക് നൽകിയിരുന്നു.
മണ്ണിടിച്ചിൽ മൂലമുണ്ടാകുന്ന ഗതാഗത തടസം നീക്കുന്നതിന് ലഭ്യമാക്കാൻ ജെസിബി, ഹിറ്റാച്ചി, ലോറികൾ എന്നിവയുടെ പട്ടിക മോട്ടോർ വാഹന വകുപ്പ് ശേഖരിച്ചു നൽകി.
വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പോലുള്ള അത്യാഹിതങ്ങളുണ്ടായാൽ മാറ്റി പാർപ്പിക്കേണ്ടവരുടെ പട്ടികയും തഹസീൽദാർമാർ നേരത്തെ തന്നെ തയാറാക്കിയിട്ടുണ്ട്.
ഉദ്യോഗസ്ഥരുടെ അധീനതയിലുള്ള വസ്തുക്കളുടെ സംരക്ഷണക്കുറവുകൊണ്ട് അപകടമോ ജീവഹാനിയോ ഉണ്ടായാൽ നിയന്ത്രണാധികാരികളായ ഉദ്യോഗസ്ഥർ ഉത്തരവാദിയായിരിക്കുമെന്നും കളക്ടർ മുന്നറിയിപ്പു നൽകിയിരുന്നു.
റോഡരികിലേക്ക് അപകടകരമായ നിലയിൽ ചാഞ്ഞ് നിൽക്കുന്ന മരങ്ങൾ പൊതുമരാമത്ത്, വനം, ദേശീയപാത, സോഷ്യൽ ഫോറസ്ട്രി, തദ്ദേശഭരണ സ്ഥാപനം എന്നിവയുടെ മേൽനോട്ടത്തിൽ വെട്ടി നീക്കുന്ന നടപടികൾ അവസാനഘട്ടത്തിലാണ്.
സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ നിൽക്കുന്നവ ഉടമസ്ഥർ മുറിച്ചു മാറ്റണമെന്നായിരുന്നു നിർദേശം.
കോവിഡിന്റെ പാശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാന്പുകൾ ആരംഭിക്കേണ്ട സാഹചര്യമുണ്ടായാൽ പരിഗണിക്കുന്നതിനായി കോവിഡ് കോവിഡേതര രോഗികളെ മാറ്റി പാർപ്പിക്കുന്നതിന് പ്രത്യേക കെട്ടിടങ്ങൾ തഹസിൽദാർമാർ കണ്ടെത്തിയിട്ടുണ്ട്.
ആവശ്യമായ ഘട്ടത്തിൽ അവ തുറന്നു നൽകുമെന്ന് അധികൃതർ പറഞ്ഞു. വെള്ളം കവിഞ്ഞൊഴുകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പഞ്ചായത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് നിർദേശിച്ചിരുന്നെങ്കിലും കൂടുതൽ സ്ഥലത്തും ഇത് നടപ്പിലായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
അഗ്നി സുരക്ഷാ സേനയും ആരോഗ്യ വകുപ്പും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്.
അഗ്നി സുരക്ഷ സേനയ്ക്ക് ലക്ഷ്യമാക്കിയിട്ടുള്ള അസ്കലൈറ്റ്, ചെയിൻ സോ എന്നിവ പ്രവർത്തന സജ്ജമാണെന്ന് ഉറപ്പ് വരുത്തി.
ജില്ലാ മെഡിക്കൽ ഓഫീസറിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും പ്രത്യേക മുന്നൊരുക്കം നടത്തിയിട്ടുണ്ട്.
മഴക്കാലത്തിനു മുന്നോടിയായി ഓടകൾ ശുചിയാക്കുന്നതിനു പുറമെ പൊട്ടിയ സ്ലാബുകൾ മാറ്റുന്ന പ്രവൃത്തികളും തകൃതിയായി നടന്നു വരുന്നുണ്ട്.