തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. 2021-22 വർഷത്തേക്കുള്ള പുതുക്കിയ ബജറ്റാണ് അവതരിപ്പിച്ചത്.
പുതുക്കിയ ബജറ്റ് അവതരണം കേരളത്തിന് പ്രതീക്ഷയേകുമെന്ന ആമുഖത്തോടെയാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്.
കൊവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാന വികസനത്തിന് വെല്ലുവിളിയായെന്നും ആരോഗ്യം ഒന്നാമത് എന്ന നയം സ്വീകരിക്കാൻ നിർബന്ധിതമായെന്നും ധനമന്ത്രി പറഞ്ഞു.
20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു. 2800 കോടി കൊവിഡ് പ്രതിരോധത്തിനായിരിക്കും. 8000 കോടി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കും.
മുൻസർക്കാരിന്റെ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്നും ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുമെന്നും പറഞ്ഞ ധനമന്ത്രി കെ.എൻ ബാലഗോപാൽ കഴിഞ്ഞ തവണ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിനെ പ്രശംസിക്കുകയും ചെയ്തു.
കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര കൊവിഡ് വാക്സിൻ നയം തിരിച്ചടിയായെന്നും വാക്സിൻ കയറ്റുമതിയിൽ അശാസ്ത്രീയ നിലപാടുകൾ ഉണ്ടായെന്നും ധനമന്ത്രി പറഞ്ഞു.
മറ്റു പ്രഖ്യാപനങ്ങൾ
* കൊവിഡ് പ്രതിരോധത്തിനായി ആറിന പരിപാടി . എല്ലാ സി എച് സി , താലൂക് ആശുപത്രികളിലും 10 ഐസൊലേഷൻ കിടക്കകൾ അനുവദിക്കും. ഇതിനായി 635 കോടി രൂപ അനുവദിച്ചു.
* പകർച്ച വ്യാധി തടയാനായി ഓരോ മെഡിക്കൽ കോളേജിലും പ്രത്യേക ബ്ലോക്കിനായി 50 കോടി. തിരുവന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഈ വർഷം തന്നെ ബ്ലോക്ക് പ്രവർത്തനം തുടങ്ങും.
* എല്ലാവർക്കും സൗജന്യ വാക്സിൻ നൽകും. .18 വയസ്സിനു മുകളിൽ ഉള്ളവർക്ക് സൗജന്യ വാക്സിൻ നൽകാനായി 1000 കോടി. 500 കോടി അനുബന്ധമായി നൽകും.
*കേരളം കോവിഡ് വാക്സിൻ നിർമാണ മേഖലയിലേക്കു നീങ്ങും. ഇതിനായുള്ള ഗവേഷണങ്ങൾക്കായി 10 കോടി അനുവദിച്ചു.
*സാന്പത്തിക പുനരുജ്ജീവന പദ്ധതി നടപ്പാക്കും.കാർഷിക മേഖലയ്ക്കും ഊന്നൽ. 4% പലിശ നിരക്കിൽ 2000 കോടിയുടെ വായ്പ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി നൽകും.
* കുടുംബശ്രീ അയൽക്കൂട്ടത്തിന് 1000 കോടിയുടെ വായ്പ 4% പലിശ നിരക്കിൽ.
* ദീർഘ കാല അടിസ്ഥാനത്തിൽ തീര സംരക്ഷണത്തിന് നടപടി.1500 കോടി അനുവദിക്കും.
* കോസ്റ്റൽ ഹൈവേ പൂർത്തിയാക്കും
* സെന്റർ ഫോർ ഡിസീസ് കൺട്രോളിന് 50 ലക്ഷം രൂപ
* സംസ്ഥാനത്ത് 5 അഗ്രോ പാർക്കുകൾ തുടങ്ങും. ഇതിനായി 10 കോടി രൂപ അനുവദിച്ചു
* തോട്ടം മേഖലയുടെ വികസനത്തിന് 2 കോടി രൂപപാൽ മൂല്യവർധന ഉൽപ്പന്നങ്ങൾക്കായി ഫാക്ടറികർഷകർക്ക് കോൾഡ് സ്റ്റോറേജ് അടക്കമുള്ള ആധുനിക സംവിധാനങ്ങൾ ഒരുക്കും. ഇതിനായി 10 കോടി രൂപ അനുവദിച്ചു
* നദികളും ജലാശയങ്ങളും സംരക്ഷിക്കാൻ പാക്കേജ്
* ദാരിദ്ര്യ നിർമാർജന പദ്ധതികൾക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് 10 കോടി രൂപ
*അണക്കെട്ടുകളിലെ മണൽ നീക്കം ചെയ്യാൻ പദ്ധതി
*ഈ വർഷം 10,000 ഓക്സിലറി കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങും
*വിഷരഹിത പച്ചക്കറികൾ കുടുംബശ്രീ വഴി ശേഖരിച്ച് വിതരണം ചെയ്യും
*കോവിഡ് പശ്ചാത്തലത്തിൽ പുതിയ നികുതി നിർദേശങ്ങളില്ല
*ഓൺലൈൻ പഠനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് രണ്ടു ലക്ഷം ലാപ്ടോപ്പുകൾ നൽകും
*വിദ്യാർഥികൾക്ക് ടെലി ഓൺലൈൻ കൗൺസലിങ്ങിന് സ്ഥിരം സംവിധാനം
*ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് 10 കോടി രൂപ
*ആയുഷ് വകുപ്പിന് 20 കോടി രൂപ
*വിനോദ സഞ്ചാരമേഖലയുടെ മാർക്കറ്റിംഗിന് 50 കോടി രൂപ അധികം.കെഎഫ്സി 400 കോടി രൂപയുടെ വായ്പ ലഭ്യമാക്കും
*കെ.ആർ ഗൗരിയമ്മയ്ക്ക് സ്മാരകം നിർമിക്കാൻ രണ്ടു കോടി രൂപ
*വ്യവസായ സംരംഭകത്വ പരിപാടിക്ക് 50 കോടി രൂപ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ എണ്ണം കൂട്ടും
*പ്രവാസികൾക്ക് കുറഞ്ഞ പലിശയ്ക്ക് 1000 കോടി രൂപ വായ്പ നൽകും
*കെഎഫ്സിയുടെ വായ്പ അടുത്ത അഞ്ചു വർഷം കൊണ്ട് 10,000 കോടിയായി ഉയർത്തും. ഈ വർഷം 4500 കോടി രൂപയുടെ പുതിയ വായ്പ കെഎഫ്സി അനുവദിക്കും.
*കെഎഫ്സിയിൽ നിന്ന് വായ്പ എടുത്ത് 2020 മാർച്ച് വരെ കൃത്യമായി തിരിച്ചടച്ചവർക്ക് കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 20 ശതമാനം അധിക വായ്പ അനുവദിച്ചിരുന്നു. ഇവർക്ക് 20 ശതമാനം വായ്പ കൂടി അധികമായി നൽകും. ഇതിനായി 50 കോടി വകയിരുത്തി. പ്രതിസന്ധി നേരിടുന്നവർക്ക് വായ്പാ തിരിച്ചടവിന് ഒരു വർഷം മോറട്ടോറിയം.
*പട്ടികജാതി-പട്ടികവർഗ വികസനത്തിന്റെ ഭാഗമായി 100 പേർക്ക് 10 ലക്ഷം വീതം സംരംഭക സഹായം നൽകും. ഇതിനായി 10 കോടി അനുവദിച്ചു.
*ടൂറിസം മേഖലയിൽ ദീർഘകാല പദ്ധതികൾക്ക് ഊന്നൽ.
*സ്കൂൾ തലം മുതൽ വിദ്യാഭ്യാസ സംവിധാനത്തിൽ മാറ്റമുണ്ടാക്കും
*12 കോടി തൊഴിൽ ദിനങ്ങൾ തൊഴിലുറപ്പ് പദ്ധതി വഴി ഉണ്ടാക്കും
*കുടുംബശ്രീക്ക് കേരള ബാങ്ക് നൽകുന്ന വായ്പയ്ക്ക് 2-3 % സബ്സിഡി നൽകും
*ദാരിദ്യ നിർമ്മാർജന പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപനം. ഇതിനായി 10 കോടി പ്രാഥമികമായി നൽകും.
*പ്രളയ പശ്ചാത്തലത്തിലെ പ്രവർത്തികൾക്ക് സമഗ്ര പാക്കേജ്. 50 കോടി പ്രാഥമിക ഘട്ടമായിനൽകും.
*റബർ സബ്സിഡിക്കും കുടിശിക നിവാരണത്തിനുമായി 50 കോടി ബജറ്റിൽ അനുവദിച്ചു.
*കൃഷി ഭവനുകൾ സ്മാർട്ടാക്കും
*കെഎസ്ആർടിസി സിഎൻജി ബസുകൾക്കായി 100 കോടി രൂപ, ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പഠനത്തിന് 5കോടി രൂപ.
*സംസ്ഥാന ജിഎസ്ടി നിയമത്തിൽ ഭേദഗതി വരുത്തും
*മഹാത്മാഗാന്ധി സർവകലാശാലയിൽ മാർ ക്രിസോസ്റ്റം ചെയർ സ്ഥാപിക്കാൻ 50 ലക്ഷം
* ബാലകൃഷ്ണപിളളയ്ക്ക് കൊട്ടാരക്കരയിൽ സ്മാരകം നിർമ്മിക്കാൻ രണ്ട് കോടി രൂപ
*കൊല്ലത്ത് ബയോ ഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ട്
*കൊവിഡ് മൂന്നാംതരംഗം നേരിടാൻ നടപടികൾ തുടങ്ങി
*കുട്ടികൾക്കുളള അടിയന്തര ചികിത്സ സൗകര്യങ്ങൾ വർദ്ധിപ്പിക്കും
*ഓക്സിജൻ ഉത്പാദനം കൂട്ടാൻ പുതിയ പ്ലാന്റ്, മത്സ്യസംസ്കരണത്തിന് അഞ്ച് കോടി
പ്രതിസന്ധി ഘട്ടങ്ങളിൽ കടമെടുത്തായാലും നാടിനെ രക്ഷിക്കുമെന്ന സൂചന നൽകികൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം അവസാനിപ്പിച്ചത്.