കൊച്ചി: കുഫോസില്‍ (കേരളാ യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്) മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്ന് കെ. ബാബു എംഎല്‍എ.
ഇതു സംബന്ധിച്ച് കെ. ബാബു, യൂണിവേഴ്സിറ്റിയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരിട്ട് പരാതി നല്കി.
ചാൻസലറുടെ അധികാരംപോലും…
ചാന്‍സലറുടെ അധികാരത്തെ പോലും ദുര്‍ബലപ്പെടുത്തിയാണ് നിയമനങ്ങള്‍ നടന്നിട്ടുള്ളത്. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. റിജി കെ. ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭരണസമിതി യോഗമാണ് അദ്ദേഹത്തിന്റെ ഭാര്യയെ ഫിഷറീസ് ഡീന്‍ ആയും, റജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ബി. മനോജ് കുമാറിന്റെ ഭാര്യയെ റിസേര്‍ച്ച് ഡയറക്ടറായും നിയമിച്ചത്.
സര്‍വകലാശാലയുടെ ചട്ടങ്ങളിലെ രണ്ടാമത്തെ അധ്യായത്തിലെ 72-ാം സെക്ഷന്‍ ലംഘിച്ചാണ് ഇത് നടന്നിട്ടുള്ളതെന്ന് കെ. ബാബുവിന്റെ പരാതിയില്‍ പറയുന്നു.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു തൊട്ടുമുന്‍പ് തിരക്കിട്ട് ഓര്‍ഡിനന്‍സിലൂടെ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഫിഷറീസ് ഡീന്‍, റിസേര്‍ച്ച് ഡയറക്ടര്‍ തസ്തികകള്‍ സൃഷ്ടിച്ചത്.
സര്‍വകലാശാലകളിലെ ഉന്നത അക്കാദമിക് തസ്തികകള്‍ ഉണ്ടാകുമ്പോള്‍ പ്രധാന പത്രങ്ങളില്‍ പരസ്യം ചെയ്യണമെന്ന യുജിസി വ്യവസ്ഥ ലംഘിച്ചു. അതിനാല്‍ മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമുള്ളവര്‍ക്ക് അപേക്ഷിക്കാനുള്ള അവസരം നഷ്ടമായി.
എവിടേയും ചട്ടലംഘനം
വൈസ് ചാന്‍സലര്‍ നാമനിര്‍ദേശം ചെയ്ത നാലംഗ സമിതിയാണ് ഇന്റര്‍വ്യൂ നടത്തി രണ്ടു പേരുടെയും ഭാര്യമാരെ ഫിഷറീസ് ഡീന്‍, റിസേര്‍ച്ച് ഡയറക്ടര്‍ തസ്തികകളിലേക്കു ശുപാര്‍ശ ചെയ്തത്. ഇത് കുഫോസ് ചട്ടപ്രകാരം അധ്യായം ഏഴിലെ സെക്ഷന്‍ 79 (ഐബി) യുടെ ലംഘനമാണെന്ന് കെ. ബാബു നല്കിയ പരാതിയില്‍ പറയുന്നു.
സര്‍വകലാശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ മൂന്നു വര്‍ഷത്തേക്ക് ഡയറക്ടര്‍ ഓഫ് പബ്ലിക് റിലേഷന്‍ ആന്‍ഡ് പബ്ലിക്കേഷന്‍(ഡിപിആര്പി) തസ്തികയില്‍ നിയമനം നടത്തിയതിലും ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
40 വയസിന് താഴെയുള്ളവരെ മാത്രമാണ് ഈ തസ്തികയില്‍ നിയമിക്കാവൂവെന്നാണ് ചട്ടം. അതിന് വിരുദ്ധമായി 40 വയസിന് മുകളിലുള്ളയാളെയാണ് ഇവിടെ നിയമിച്ചിരിക്കുന്നത്.
പ്രായപരിധി ഇല്ലാതാക്കാമോ?
ചില തസ്തികകളിലേക്കുള്ള നിയമനത്തിലെ പ്രായപരിധി ഇല്ലാതാക്കാന്‍ സര്‍വകലാശാലയുടെ ഭരണസമിതിക്ക് അധികാരമുണ്ടെന്ന വാദമാണ് ഇവിടെ അധികൃതര്‍ ഉയര്‍ത്തുന്നത്.
എന്നാല്‍, ഈ വാദം നിലനില്‍ക്കില്ലെന്ന് പരാതിയില്‍ പറയുന്നു.ഡിപിആര്പി തസ്തികയില്‍ ഉദ്യോഗസ്ഥനെ നിയമിക്കുന്നത് 51,000 രൂപ എന്ന ഏകീകൃത ശമ്പളത്തിലാണ്.
എന്നാല്‍, ഡിപിആര്പി ഓഫീസര്‍ കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മാസ ശമ്പളം 60,000 രൂപയാക്കുകയും ചെയ്തു. ഇത് കരാറിന്റെ ലംഘനമാണെന്ന് കെ. ബാബു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.