തൃശൂര്‍: കൊടകര കുഴൽപ്പണ കേസിൽ ബിജെപി തൃശൂര്‍ സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും. തെരഞ്ഞെടുപ്പ് ഫണ്ടിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കും.
തൃശൂരിലേക്ക് തെരഞ്ഞെടുപ്പ് ഫണ്ട് വന്നിട്ടുണ്ടോ, അവ എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നെല്ലാം അന്വേഷണ സംഘം ആരായും. തൃശൂരിൽ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ധർമ്മരാജനും സംഘവും എത്തിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.
അതേസമയം കോടികൾ കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിൽനിന്ന് ഇഡി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു.
കേസിൽ അറസ്റ്റിലായവർ, ചോദ്യം ചെയ്തവർ, അവരുടെ മൊഴികൾ, പോലീസിന്റെ നിഗമനങ്ങൾ എന്നിവയടക്കമുള്ള അന്വേഷണ വിവരങ്ങൾ ഇഡി പരിശോധിച്ചു.മൂന്നരക്കോടിയിലധികം പണം കൊടകര കേസിൽ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ റിപ്പോർട്ട്.
എന്നാൽ ഈ പണത്തിന്റെ സ്രോതസ് സംബന്ധിച്ച് ഇതുവരെയും വ്യക്തമായ വിവരം പോലീസിനു ലഭിച്ചിട്ടില്ല. വിദേശബന്ധമുള്ളവരാണോ ഇതിനു പിന്നിലെന്നും ഇതുവരെയും സ്ഥിരീകരിക്കാനായിട്ടില്ല.കർണാടകയിൽനിന്നുള്ള പണമാണ് എന്നതു മാത്രമേ പോലീസിനും ഇതുവരെയും പറയാനായിട്ടുള്ളൂ.
കേസിൽ പോലീസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പോലീസ് നൽകുന്ന കുറ്റപത്രത്തേയും മറ്റു വിശദാംശങ്ങളേയും അടിസ്ഥാനമാക്കി മാത്രമേ ഇഡി ഈ കേസിൽ മുന്നോട്ടു പോകൂ എന്നുമാണ് സൂചന. ഇപ്പോൾ പോലീസുമായി ചേർന്നു പ്രവർത്തിക്കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.