കറുകച്ചാൽ: പ്രഖ്യാപനവും തുടക്കവും ഗംഭീരം. പക്ഷേ, പദ്ധതി ഇപ്പോഴും കടലാസ് താളുകളിൽ മാത്രം.അപകടങ്ങളും ആക്രമണ സംഭവങ്ങളും മോഷണവും പതിവായതോടെ ജില്ലാപഞ്ചായത്തും പോലീസും ചേർന്ന് പട്ടണത്തിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ ആരംഭിച്ച പദ്ധതി ഇപ്പോഴും പാതിവഴിയിൽ.
ടെൻഡർ നടപടിയടക്കം പൂർത്തായാക്കി വർഷങ്ങൾ പിന്നിടുന്പോഴും നിർമാണ ജോലികൾ പോലും ആരംഭിച്ചിട്ടില്ല. മൂന്നു വർഷം മുന്പാണ് ജില്ലാപഞ്ചായത്ത് കറുകച്ചാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.
ഇതു സംബന്ധിച്ച് കാര്യങ്ങൾ പഠിച്ച് കാമറകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങളടക്കം തീരുമാനിച്ചാണ് തുടങ്ങിയത്. വ്യാപാരികളുടെയും മറ്റും സഹകരണത്തോടെ 60 കാമറകൾ സ്ഥാപിക്കാനായിരുന്നു പദ്ധതി. കറുകച്ചാൽ പോലീസ് സ്റ്റേഷനുള്ളിൽ സ്ക്രീനുകളും സജ്ജീകരണങ്ങളുമൊരുക്കി 24 മണിക്കൂറും നിരീക്ഷണ സംവിധാനമൊരുക്കുകയായിരുന്നു ലക്ഷ്യം.
ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച പദ്ധതിയ്ക്കു നാളിതുവരെയായും തുടക്കം കുറിക്കാൻ കഴിഞ്ഞിട്ടില്ല.മോഷണം, ആക്രമണം, വാഹനാപകടങ്ങൾ തുടങ്ങിയവ കുറയ്ക്കാൻ ഒരു പരിധിവരെ സഹായകമാകുന്നതിനാലാണ് ഇത്തരം ഒരു പദ്ധതിയെപ്പറ്റി പോലീസും ജില്ലാപഞ്ചായത്തും കൂടിയാലോചിച്ചത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടും പദ്ധതി ആരംഭിക്കാത്തതെന്താണെന്നാണ് പ്രദേശവാസികളും വ്യപാരികളും ചോദിക്കുന്നത്.പത്ത് ലക്ഷം രൂപയ്ക്ക് 60 നിരീക്ഷണ കാമറകൾ സ്ഥാപിക്കാനായിരുന്നു പദ്ധതി. കണക്കെടുപ്പ് പൂർത്തിയാക്കിയപ്പോൾ പത്ത് ലക്ഷം രൂപയ്ക്ക് പദ്ധതി നടപ്പിലാകില്ലെന്ന് മനസിലായി. ഇതോടെ തുക വീണ്ടും ഇരട്ടിപ്പിച്ചു.
രണ്ടാംഘട്ടത്തിൽ 20 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതോടെ കാമറകളുടെ എണ്ണം 30 ആയി കുറച്ചു. അത്യാധുനിക രീതിയിലുള്ള രാത്രിയിലും കൃത്യമായി ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന കാമറയാണ് സ്ഥാപിക്കുന്നതെന്നായിരുന്നു ജില്ലാപഞ്ചായത്ത് അധികൃതർ അറിയിച്ചത്.
പിഡബ്ല്യുഡി ഇലക് ട്രോണിക്സ് വിംഗിനായിരുന്നു നിർമാണ ചുമതല. 20 ലക്ഷം രൂപയും ജില്ലാപഞ്ചായത്ത് ഇലക്ട്രോണിക്സ് വിംഗിന് കൈമാറിയിരുന്നു. ഇവിടെ നിന്നുമാണ് ടെൻഡർ നടത്തിയത്. തിരുവനന്തപുരത്തുള്ള സ്വകാര്യ ഏജൻസിയാണ് ടെൻഡർ എടുത്തത്.
ഉടൻ നിർമാണം ആരംഭിക്കുമെന്നു പറഞ്ഞതല്ലാതെ രണ്ടു വർഷം പിന്നിടുന്പോഴും പദ്ധതി ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പദ്ധതി ഇനിയും ആരംഭിക്കാതെ നീണ്ടു പോകുകയാണ്.പുതിയ ഭരണസമിതി അധികാരത്തിലെത്തിയിട്ടും കാമറ പദ്ധതിയ്ക്ക് ചലനം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല.
കൊലപാതകം, മോഷണം അടക്കമുള്ള സംഭവങ്ങൾ ഉണ്ടാകുന്പോഴും തെളിവുകൾ കണ്ടെത്താൻ വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളിലെയും നിരീക്ഷണ കാമറകൾ പരിശോധിക്കേണ്ട ഗതികേടിലാണ് പോലീസും.