കാവാലം: വർഷാവർഷം കൃഷിഭവനുകൾ വഴി തെങ്ങിൻതൈകളും വാഴയുമൊക്കെ കുട്ടനാട്ടുകാർക്കു വിതരണം ചെയ്യാറുണ്ട്. വെള്ളപ്പൊക്കത്തിൽ ഭൂരിഭാഗവും ചീഞ്ഞു നശിക്കുകയാണ്.
നെൽക്കൃഷിയില്ലെങ്കിലും പറന്പുകളിൽ വെള്ളംകയറാത്ത രീതിയിൽ പാടശേഖരങ്ങളിലെ ജലനിരപ്പ് നിയന്ത്രിതപന്പിംഗിലൂടെ ക്രമീകരിച്ചു നിർത്തണമെന്ന ആവശ്യം അനേകവർഷങ്ങളായി കുട്ടനാട്ടുകാർ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, പദ്ധതികൾ പലതും പ്രഖ്യാപനങ്ങളിലൊതുങ്ങുകയാണ്.
കാവാലം കിഴക്കേചേന്നംകരിയിലെ കോഴിച്ചാൽവടക്കുപാടശേഖരത്തിൽ, ഇക്കഴിഞ്ഞ വേനൽമഴയിൽ വെള്ളക്കെട്ടിലാണ് തെങ്ങിൻതൈകളും വാഴകളും. നിയന്ത്രിതപന്പിംഗ് നടപ്പായില്ലെങ്കിൽ മാസങ്ങളോളം ഇതുതന്നെയാവും അവസ്ഥ. കരക്കൃഷിയും മണ്ണിന്റെ വളക്കൂറും പൂർണ്ണമായിത്തന്നെ നശിപ്പിക്കുന്ന വെള്ളക്കെട്ടുമൂലം പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതങ്ങൾ നിസാരമല്ല.