നിശാന്ത് ഘോഷ്
കണ്ണൂർ: കണ്ണൂർ കോട്ടയിൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംവിധാനം ഒരുക്കുന്നതിൽ ടെൻഡർ നൽകിയതിലും ക്രമക്കേടെന്ന് കണ്ടെത്തൽ. സാധാരണഗതിയിൽ കുറഞ്ഞ തുക കാണിക്കുന്ന കന്പനിക്കാണ് ടെൻഡർ നൽകാറെങ്കിലും ഇവിടെ കുറഞ്ഞ തുക കാണിച്ച കന്പനികളെ ഒഴിവാക്കിയതായാണ് കണ്ടെത്തൽ.
ഇതോടെ ടെൻഡറിൽ പങ്കെടുത്ത കന്പനികളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന കന്പനികളെ കുറിച്ചാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്.കൃപ, അവായ, വീരോണ് എന്നീ കന്പനികളായിരുന്നു ടെൻഡർ നൽകിയത്.
വീരോണ് എന്ന കന്പനിയെ ടെൻഡറിൽ പങ്കെടുക്കുന്ന തുക അടയ്ക്കാത്തതിനെ തുടർന്ന് ഒഴിവാക്കിയിരുന്നു. പിന്നീട് കൃപയും അവായയുമാണ് ടെൻഡറിൽ പങ്കെടുത്തത്. കൃപ എന്ന കന്പനിയാക്കാൾ കുറഞ്ഞ നിരക്കാണ് അവായ നൽകിയതെങ്കിലും അവായയെ തഴയുകയായിരുന്നു.
കൃപ സ്ഥാപിക്കുന്ന ഉപകരണങ്ങളുടെ ഗുണമേൻമ, നല്ലനിലയിലുള്ള കന്പനി എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ടെൻഡർ കൃപയ്ക്ക് നൽകിയതെന്നാണ് കണ്ടെത്തൽ. എന്നാൽ ഇവർ ഗുണമേൻമയില്ലാത്ത ഉപകരണങ്ങളാണ് ഉപയോഗപ്പെടുത്തിയതെന്നും വ്യക്തമായിട്ടുണ്ട്.
ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംവിധാനം ഒരുക്കുന്നതിൽ ടൂറിസം വകുപ്പിനും കന്പനിക്കുമിടയിൽ ഇടനിലക്കാർ പ്രവർത്തിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു കോടിയിലേറെ രൂപയുടെ അഴിമതി നടന്നതായാണ് പ്രാഥമിക നിഗമനം.അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് വിഭാഗം കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംവിധാനം ഒരുക്കിയ സ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
തെളിവെടുപ്പിൽ ഇവിടെ സ്ഥാപിച്ച സംവിധാനങ്ങൾ നിലവാരമില്ലാത്തതാണെന്നും കണ്ടെത്തിയിരുന്നു. 2016 ഫെബ്രുവരി 29ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. എന്നാൽ ഒരു ദിവസം മാത്രമാണ് പ്രദർശനം നടത്തിയത്.
അഴിമതി നടന്നിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ബിജെപി ദേശീയ വൈസ് പ്രസിഡൻറായ എ.പി. അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് ഇന്നലെ പരിശോധന നടത്തിയിരുന്നു. ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതി നടപ്പാക്കുന്പോൾ കോണ്ഗ്രസിലായിരുന്ന അബ്ദുള്ളക്കുട്ടിയായിരുന്നു കണ്ണൂർ എംഎൽഎ. പദ്ധതിയുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്നിട്ടുണ്ടെന്നും ഉത്തരവാദി അന്നത്തെ ടൂറിസം മന്ത്രിയാണെന്നുമായിരുന്നു അബ്ദുള്ളക്കുട്ടി പറഞ്ഞത്.