തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസില്‍ തനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട കെ. മുരളീധരന് എംപിക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
മുരളീധരന്റെ ഉണ്ടയില്ലാ വെടിയുടെ ലക്ഷ്യം കോൺഗ്രസ് നേതാക്കളെയാണ് എന്നായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ യുദ്ധം ചെയ്യാനെന്ന പേരിൽ കോഴിക്കോട്ടെയും മലപ്പുറത്തെയും ഗൾഫ് രാജ്യങ്ങളിലേയും മോദിവിരുദ്ധ പണച്ചാക്കുകളിൽ നിന്ന് മുരളീധരൻ പത്തുകോടിയിലധികം പിരിച്ചു എന്നാണ് കോൺഗ്രസിലെ ഉപശാലാ കണക്കപ്പിള്ളമാർ പറയുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ബിജെപിക്കും എനിക്കുമെതിരെ ഒരുപാട് ആരോപണങ്ങൾ താങ്കൾ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചതായി കണ്ടു.
ലക്ഷ്യം വെച്ചത് എന്നെയോ ബിജെപിയെയോ അല്ലെന്ന് വ്യക്തം. മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ് പിന്നെ കർണ്ണാടക പിസിസി വഴി കേരളത്തിലേക്കുവന്ന കോടികൾ താനറിഞ്ഞില്ലെന്ന പാർട്ടിക്കുള്ളിൽ താങ്കൾ ഉന്നയിച്ച ആരോപണം പുറത്തേക്കുവരട്ടെ എന്നതായിരിക്കും ഈ ഉണ്ടയില്ലാവെടിയുടെ ലക്ഷ്യം എന്ന് മനസ്സിലാക്കാൻ ഏതായാലും വലിയ ഗവേഷണബുദ്ധിയൊന്നും വേണ്ടിവരില്ല.
ചാണ്ടി ചെന്നിത്തല മുല്ലപ്പള്ളി അധികാരത്രയത്തേയും കെ. സി. വേണുഗോപാൽ വഴി രാഹുലിനെത്തന്നെയും ഉന്നം വെച്ചുള്ള വെടിയാണിത്.
പിന്നെ ഹെലികോപ്റ്റർ ഉപയോഗിച്ചതിന്റെ ചെലവ് തെരഞ്ഞെടുപ്പ് കമ്മീഷന് ഞങ്ങളുടെ പാർട്ടി കൊടുത്തുകൊള്ളാം. സ്റ്റാർ ക്യാംപയിനേഴ്സ് പട്ടികയിൽ തെരഞ്ഞെടുപ്പുകമ്മീഷൻ ഉൾപ്പെടുത്തിയവരുടെ ചെലവ് സ്ഥാനാർത്ഥിയുടെ കണക്കിൽ വരില്ലെന്ന സാമാന്യ വിവരം എത്രയോ തെരഞ്ഞെടുപ്പുകളിൽ മൽസരിച്ച താങ്കൾക്കറിയില്ലെങ്കിൽ അറിവുള്ള ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കാമായിരുന്നു.
ഇനി ഹെലികോപ്ടറിൽ പണം കടത്തിയിട്ടുണ്ടെങ്കിൽ തെരഞ്ഞെടുപ്പു കമ്മീഷൻ ഉദ്യോഗസ്ഥരും സംസ്ഥാനപൊലീസ് ഉദ്യോഗസ്ഥരും എല്ലാ ഹെലിപ്പാഡുകളിലും പരിശോധനയ്ക്കായി എന്നെ കാത്തിരുന്നിരുന്നിരുന്നു എന്ന വസ്തുതയെങ്കിലും താങ്കൾ അറിയണമായിരുന്നു.
അതൊക്കെ പോകട്ടെ മോദിക്കെതിരെ യുദ്ധം ചെയ്യാൻ ഞാൻ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ് കോഴിക്കോട്ടെയും മലപ്പുറത്തെയും ഗൾഫ് രാജ്യങ്ങളിലേയും മോദിവിരുദ്ധ പണച്ചാക്കുകളിൽ നിന്ന് താങ്കൾ പത്തുകോടിയിലധികം പിരിച്ചു എന്നാണ് കോൺഗ്രസ്സിലെ ഉപശാലാ കണക്കപ്പിള്ളമാർ പറയുന്നത്.
അതിൽ ഒരു നയാപൈസ പോലും നേമത്ത് ചെലവാക്കിയിട്ടില്ലെന്നും കരക്കമ്പി കേൾക്കുന്നു. ഇനിയുമുണ്ട് തെരഞ്ഞെടുപ്പുകഥകൾ. ശേഷം ഇടവേള കഴിഞ്ഞ്.