തൃശൂർ: ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ ഹെലികോപ്റ്ററിൽ പോയതും വന്നതും മാത്രം അന്വേഷിച്ചാൽ പോരായെന്നും സുരേഷ്ഗോപി ഹെലികോപ്റ്ററിൽ പറന്നതിനെക്കുറിച്ചും അന്വേഷിക്കണമെന്നും പത്മജ വേണുഗോപാൽ.
ഫേസ്ബുക്കിലാണ് സുരേഷ്ഗോപിയുടെ യാത്ര അന്വേഷിക്കേണ്ടേ എന്ന ചോദ്യം പത്മജ ഉന്നയിച്ചിരിക്കുന്നത്.
സുരേഷ്ഗോപിയും ഹെലികോപ്റ്ററിലാണ് തൃശൂരിൽ വന്നതും പോയതുമെന്നും അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോൾ സംശയിക്കുന്നുവെന്നും പത്മജയുടെ കുറിപ്പിൽ പറയുന്നു.
തെരഞ്ഞെടുപ്പ് ചെലവിൽ ഇതെല്ലാം കാണിച്ചിട്ടുണ്ടോ എന്നും ഇത് അന്വേഷണവിഷയമാക്കേണ്ടതല്ലേ എന്നും ചോദിച്ചാണു പത്മജ കുറിപ്പ് അവസാനിപ്പിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ നിയോജകമണ്ഡലത്തിൽ പത്മജയുടെ എതിർസ്ഥാനാർഥിയായിരുന്നു സുരേഷ് ഗോപി.
സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തും
തൃശൂർ: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് തൃശൂർ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപിയുടെ മൊഴിയെടുക്കും.
തെരഞ്ഞെടുപ്പു സമയത്താണ് ധർമരാജൻ പണവുമായി തൃശൂരിലെത്തിയിരുന്നത് എന്നതിനാൽ ആ സമയം തൃശൂരിലുണ്ടായിരുന്ന പ്രമുഖ നേതാക്കളെയെല്ലാം വിശദമായി ചോദ്യം ചെയ്ത് മൊഴിയെടുക്കാനാണു പോലീസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണു സുരേഷ്ഗോപിയുടെ മൊഴിയെടുക്കുക.
സംസ്ഥാന നേതാക്കളുടെ ഹെലികോപ്റ്റർ യാത്രകളും പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നതിനാൽ സുരേഷ് ഗോപിയുടെ ഹെലികോപ്റ്റർ യാത്രകളും അന്വേഷണ വിധേയമാക്കും.