മലർ ജോർജിനെ തേച്ചതാണോയെന്നുള്ള സംശയം അൽഫോൻസ് പുത്രന്റെ പ്രേമം സിനിമ കണ്ടപ്പോൾ മുതൽ പ്രേക്ഷകരുടെ മനസിലുള്ള ചോദ്യമാണ്.
സിനിമ റിലീസ് ചെയ്ത് ആറു വർഷങ്ങൾക്ക് ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ആ ചോദ്യത്തിന് സംവിധായകൻ ഉത്തരം നൽകിയിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ ഒരു ചോദ്യത്തിന് മറുപടിയായാണ് സംവിധായകൻ അൽഫോൻസ് പുത്രൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘അവളുടെ ഓർമ നഷ്ടപ്പെട്ടു. ഓർമ തിരിച്ചു കിട്ടിയപ്പോൾ അവൾ അറിവഴകനുമായി സംസാരിച്ചിരിക്കും.
അവിടെ എത്തിയപ്പോൾ സെലിനുമൊത്ത് ജോർജ് സന്തോഷവാനാണെന്ന് അവൾക്ക് തോന്നിയിരിക്കും.
കൈ കൊണ്ട് ‘സൂപ്പർ’ എന്ന് പറഞ്ഞതിൽ നിന്നും മലരിന് ഓർമ തിരിച്ചു കിട്ടിയെന്ന് ജോർജിനും മനസിലായി.
എന്നാൽ ഇത് സംഭാഷണങ്ങളിൽ പറയുന്നില്ല. എന്നാൽ, ഇത് ആക്ഷൻസിലൂടെയും വയലിനു പകരം ഹാർമോണിയത്തിന്റെ സംഗീതം ഉപയോഗിച്ചും കാണിക്കുന്നുണ്ട്.
നിങ്ങളുടെ സംശയം മാറിയെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള അവസാന ഉത്തരം ഇതാണ്, അടുത്തിടെ മലരിന് ഓർമ തിരികെ ലഭിച്ചു.’ – ഇതായിരുന്നു ചോദ്യത്തിന് അൽഫോൻസ് പുത്രൻ നൽകിയ ഉത്തരം.
അനുപമ അവതരിപ്പിച്ച മേരിയുടെ സഹോദരിയാണോ സെലിൻ എന്ന ചോദ്യത്തിനും അൽഫോൻസ് മറുപടി നൽകി. ‘മേരിയുടെ പെങ്ങൾ അല്ല സെലിൻ.
ചേച്ചിയുടെ ഇംഗ്ലിഷ് പദം കിട്ടാത്തതുകൊണ്ട് സബ് ടൈറ്റിൽ ചെയ്ത ആൾ ചുറ്റിപ്പോയതാ. മേരി സിസ്റ്റർ എന്നൊക്കെയാണ് സബ് ടൈറ്റിലിൽ കാണിക്കുന്നത്.
മേരിയുടെ പെങ്ങളാണ് സെലിനെങ്കിൽ, മേരിയുടെ വീട്ടില് സെലിൻ ഇരിക്കുന്നത് ഞാൻ സിനിമയിൽ കാണിക്കുമായിരുന്നു.’–അൽഫോൻസ് മറുപടി നൽകി.