കാമുകിയുടെ വിവാഹം മുടക്കാൻ കാമുകന്മാർ ചെയ്യുന്ന പല കാര്യങ്ങളും വാർത്തകളിൽ ഇടം നേടാറുണ്ട്.
കാമുകന്മാരുടെ ചില ചെയ്തികൾ ക്രൂരമാകാറുമുണ്ട്. എന്നാൽ സിനിമ സ്റ്റൈലിൽ കാമുകിയുടെ വിവാഹത്തിനെത്തിയ യുവാവിന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്.
ഉത്തർപ്രദേശിലെ ബഡോഹി ജില്ലയിലാണ് സംഭവം. കാമുകിയുടെ വീട്ടിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ നവവധുവിന്റെ വേഷമണിഞ്ഞ് വീട്ടിൽ പ്രവേശിക്കാനാണ് കാമുകൻ ശ്രമിച്ചത്.
കാമുകി മറ്റൊരാളെ വിവാഹം കഴിക്കുന്നതാണ് ഇയാൾ കടുത്ത കൈ പ്രയോഗിക്കാൻ കാരണം.
വിവാഹത്തിന് അണിഞ്ഞൊരുങ്ങുന്നതു പോലെ മുടി വെച്ച്, മേക്കപ്പ് ഇട്ട് തോളിൽ ഒരു പഴ്സും, ചുവപ്പ് സാരിയും ചെരിപ്പുമണിഞ്ഞാണ് ഇയാൾ എത്തിയത്.
വീടിനുള്ളിൽ കയറിപ്പറ്റിയ ഇയാൾ മുഖം മറച്ചിരുന്നു. വിവാഹിതയാകാനൊരുങ്ങുന്ന പെൺകുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ വീട്ടുകാർക്ക് സംശയം തോന്നി. അതോടെ സംഗതി പൊളിഞ്ഞു.
വിവാഹത്തിന് എത്തിയവർ ഇയാളെ പിടികൂടി. മുഖം മറച്ചിരുന്ന തുണി മാറ്റിയപ്പോൾ വെച്ചുകെട്ടിയ മുടിയും അഴിഞ്ഞുവീണു.
ഇതോടെ ഒരു പുരുഷനാണ് സ്ത്രീവേഷത്തിലെത്തിയതെന്ന് വീട്ടുകാർക്ക് മനസ്സിലായി.
പോലീസിനെ സംഭവം അറിയാക്കനായി വീട്ടുകാർ ശ്രമിക്കുന്നതിനിടെ ഇയാൾ തനിക്കൊപ്പം വന്ന സുഹൃത്തുക്കൾക്കൊപ്പം വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കാമുകന്റെ പെൺവേഷ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.