കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസില്‍ നടി ലീന മരിയ പോള്‍ രവി പൂജാരിയുടെ ശബ്ദം തിരിച്ചറിഞ്ഞു. \ഇന്നലെ വൈകിട്ടോടെ അന്വേഷണസംഘം ഓണ്‍ലൈന്‍ മുഖേന നടിയുടെ മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ലീന പൂജാരിയുടെ ശബ്ദം തിരിച്ചറിഞ്ഞത്.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനത്തിലേക്ക് ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷമാകും അന്വേഷണസംഘം കടക്കുക.
കോവിഡ് സാഹചര്യത്തില്‍ മൊഴിയെടുപ്പിന് നേരിട്ട് ഹാജരാകാന്‍ കഴിയില്ലെന്ന് ലീന മരിയ പോള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ് ഓണ്‍ലൈന്‍ വഴി ഒരുമണിക്കൂറോളം സമയമെടുത്ത് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.
മൂന്നു തവണ വാട്സാപ് കോള്‍ വഴി രവി പൂജാരി തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ലീന നേരത്തെ പറഞ്ഞിരുന്നു. രവി പൂജാരി ഇത് ശരിവച്ച് മൊഴി നല്‍കിയിട്ടുണ്ട്.
കാക്കനാട് ആകാശവാണി നിലയത്തിലെത്തിച്ച് കഴിഞ്ഞ ദിവസം പോലീസ് ഇയാളുടെ ശബ്ദം റിക്കാർഡ് ചെയ്തിരുന്നു.
അതിനിടെ കേസില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടതിന്റെ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചതായാണ് സൂചന.
പൂജാരിയില്‍നിന്ന് ക്വട്ടേഷന്‍ ഏറ്റെടുത്ത കാസര്‍ഗോഡ് സ്വദേശി ജിയ, ഇടനിലക്കാരായ മോനായി, ഡോക്ടര്‍ അജാസ്, വെടിയുതിര്‍ക്കാന്‍ ക്രിമിനല്‍ സംഘത്തെ ഏര്‍പ്പാടാക്കിയ പെരുമ്പാവൂരിലെ ഗുണ്ട എന്നിവരെ കൂടാതെ നേരിട്ടും അല്ലാതെയും പങ്കുള്ളവരാണിവര്‍.
അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇവരുടെ പേരു വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം.
അതേസമയം രവി പൂജാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍ അറസ്റ്റ് നടന്നേക്കും. കേസില്‍ പിടികിട്ടാപ്പുള്ളികളായ ഡോ. അജാസ്, മോനായി എന്നിക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘം പൂജാരിയോട് ചോദിച്ചറിഞ്ഞു.
വെടിവയ്പ് ആസൂത്രണം ചെയ്തത് താനല്ലെന്നാണ് രവിപൂജാരി പോലീസിനോടു പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇതിന്റെ എല്ലാം ആസൂത്രകന്‍ പൂജാരി തന്നെയാണെന്നാണ് അന്വേഷണ സംഘത്തിലെ വിലയിരുത്തല്‍.