തിരുവനന്തപുരം: രണ്ടു ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മേയ് 31 ന് എത്തിച്ചേരുമെന്ന് പ്രവചിച്ചിരുന്ന കാലവര്‍ഷം ഇക്കുറി മൂന്നു ദിവസം വൈകിയാണെത്തിയത്.
ആദ്യ ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം വ്യാപകമായി മഴ ലഭിച്ചെങ്കിലും പിന്നീട് കാലവര്‍ഷം ദുര്‍ബലമാവുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമാണ് കാര്യമായ തോതില്‍ മഴ പെയ്തത്.
ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം ചൊവ്വാഴ്ച സജീവമാകാനാണ് സാധ്യത. ചൊവ്വാഴ്ചയും ബുധനാഴ്ചയും സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കി.
ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ 11 സെന്റിമീറ്റര്‍ വരെയുള്ള അതിശക്തമായ മഴയ്ക്കാണ് സാധ്യത.
ഈ ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അഥോറ്റിയും അറിയിച്ചു.