ഒരു എലി ദേശീയ ഹീറോയാകുകയെന്നു പറഞ്ഞാല്‍ അതിനെ അസാധാരണ സംഭവമെന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ…അത്തരത്തില്‍ കംബോഡിയക്കാരുടെ ദേശീയ ഹീറോയായ എലി മഗവ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു.
അനാരോഗ്യത്തെ തുടര്‍ന്ന് ഏഴാം വയസിലാണു വിരമിക്കല്‍. ആഫ്രിക്കയിലെ ടാന്‍സാനിയന്‍ വംശജനാണു മഗവ. ആഭ്യന്തരയുദ്ധകാലത്ത് കമ്പോഡിയയില്‍ വിന്യസിച്ച കുഴിബോംബുകള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെയാണു മഗവയുടെ രംഗപ്രവേശനം.
യന്ത്രങ്ങളുടെ സഹായത്തോടെ കുഴിബോംബ് കണ്ടെത്താന്‍ ഏറെ സമയമെടുക്കും. നായകളെ ഉപയോഗിച്ചാല്‍ അവ സ്ഫോടനത്തില്‍ കൊല്ലപ്പെടാനുള്ള സാധ്യതയേറെ.
ഇതോടെയാണു ബല്‍ജിയന്‍ സന്നദ്ധ സംഘടനയായ അപോപോ എലികളെ പരിശീലിപ്പിച്ചെടുക്കാന്‍ തീരുമാനിച്ചത്. കുഴിബോംബുകളിലെ രാസവസ്തുക്കള്‍ പെട്ടെന്നു തിരിച്ചറിയാനുള്ള കഴിവാണ് ആഫ്രിക്കന്‍ സഞ്ചിയെലി ഇനത്തെ തെരഞ്ഞെടുക്കാന്‍ കാരണമായത്.
20 എലികള്‍ക്കു പരിശീലനം നല്കി. അവര്‍ക്കിടയില്‍ താരമായത് മഗവയും. 2016 ല്‍ ക്ഷേത്ര നഗരം എന്നറിയപ്പെടുന്ന സീം റീപ്പിലാണു ‘ജോലി ‘ തുടങ്ങിയത്.
പെട്ടെന്നാണു അവന് താരമായത്. ഒരു ടെന്നീസ് കോര്‍ട്ടിന്റെ വലിപ്പമുള്ള പ്രദേശത്തെ കുഴിബോംബ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് തിരിച്ചറിയാന്‍ നാലു ദിവസം വേണം.
മഗവയ്ക്ക് ഈ ജോലി ചെയ്യാന്‍ 30 മിനിറ്റ് മതിയായിരുന്നു. ഇതോടെ അവന് ലോക്കല്‍ ഹീറോയായി മാറി. അഞ്ച് വര്‍ഷം കൊണ്ട് 2.25 ലക്ഷം ചതുരശ്ര മീറ്റര്‍ ചുറ്റളവിലുള്ള കുഴിബോംബും സ്ഫോടക വസ്തുക്കളുമാണു മഗവ കണ്ടെത്തിയത്.
ഇതോടെയാണു പുരസ്കാരങ്ങള്‍ ലഭിച്ചുതുടങ്ങിയത്. ധീരതയ്ക്കുള്ള പി.ഡി.എസ്.എ. പുരസ്കാരമായിരുന്നു ആദ്യം. മൃഗങ്ങളിലെ ധീരതയ്ക്കാണ് ഈ പുരസ്കാരം നല്‍കുന്നത്.
77 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒരു എലിക്ക് ഈ ബഹുമതികിട്ടി. നായകള്‍ കുത്തകയാക്കി വച്ചിരുന്ന പുരസ്കാരമാണ് മഗവ അടിച്ചെടുത്തത്.
കഴിഞ്ഞ സെപ്റ്റംബറില്‍ ബ്രിട്ടനില്‍നിന്നും ധീരതയ്ക്കുള്ള അവാര്‍ഡെത്തി. മഗവയുടെ ആരോഗ്യനില തൃപ്തികരമാണെന്നു അപോപോ മാനേജര്‍ മൈക്കള്‍ ഹെയ്മാന് അറിയിച്ചു.
പ്രായം ചെന്നതിനാല്‍ നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. (ഈ വിഭാഗം എലികള്‍ സാധാരണ എട്ട് വയസുവരെ മാത്രമാണു ജീവിക്കുന്നത്). പ്രായം കണക്കിലെടുത്താണു വിരമിക്കല്‍.
എങ്കിലും ഹീറോയെന്ന നിലയില്‍ അവനു ലഭിച്ച ആനുകൂല്യങ്ങള്‍ തുടരും. ഏത്തക്കായ, ബാദം പരിപ്പ് തുടങ്ങി അവന് ഇഷ്ടമുള്ള വിഭവങ്ങള്‍ ഇനിയും ലഭിക്കും.