തിരുവനന്തപുരം: സഭയിലില്ലാത്ത ബിജെപിയെക്കുറിച്ചായിരുന്നു ചർച്ച. ഏകപക്ഷീയമായി ഗോളടിക്കാൻ പറ്റുന്ന വിഷയം. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മത്സരിച്ചു കത്തിക്കയറാൻ പറ്റിയ വിഷയം.
പക്ഷേ കൊടകര കുഴപ്പണക്കേസിനെക്കുറിച്ചുള്ള ചർച്ച ചൂടുപിടിച്ചു മുന്നേറിയപ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം പോർവിളി നടത്തുന്ന സ്ഥിതിയായി.
ബിജെപി ബന്ധത്തിന്റെയും ധാരണയുടെയും ഒത്തുതീർപ്പിന്റെയും ആക്ഷേപങ്ങൾ ഇരുകൂട്ടരും അങ്ങോട്ടുമിങ്ങോട്ടും തൊടുത്തുവിട്ടുകൊണ്ടിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുഖത്തോടു മുഖം നിന്നു പോരടിച്ചു.
ഷാഫി പറന്പിലാണ് കുഴൽപ്പണക്കേസിൽ അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകി പ്രസംഗിച്ചത്. നോട്ട് നിരോധനം മുതലുള്ള കാര്യങ്ങൾ പറഞ്ഞ് കള്ളപ്പണത്തിലേക്കു കടന്ന് വിഷയം നന്നായി അവതരിപ്പിച്ച ഷാഫി ഒടുവിൽ ഭരണപക്ഷത്തെ ഒന്നു തോണ്ടി.
ഒരു പാലമിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഈ കേസിൽ അങ്ങനെ ആകരുത്. നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം.
സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കേസുകൾ ഒത്തുതീർപ്പിലെത്തിക്കാൻ ഈ കേസുകൾ ഉപയോഗപ്പെടുത്തും എന്ന ധ്വനിയായിരുന്നു ഷാഫിയുടെ വാക്കുകളിൽ.
മറുപടി പറഞ്ഞ മുഖ്യമന്ത്രി, സ്വാതന്ത്ര്യലബ്ധി മുതലിങ്ങോട്ട് കള്ളപ്പണത്തിന്റെ ആവിർഭാവത്തിന്റെയും വളർച്ചയുടെയും കണക്കുകൾ നിരത്തി.
കള്ളപ്പണം വളർത്തുന്നതിൽ കോണ്ഗ്രസിന്റെ പങ്കും ചെറുതല്ലെന്നു വ്യക്തമാക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തങ്ങൾക്കെതിരേ രാഷ്ട്രീയ പകപോക്കലിനു ശ്രമം നടന്നപ്പോൾ പ്രതിപക്ഷവും ബിജെപിക്കൊപ്പം തോളോടു തോൾ ചേർന്നുണ്ടായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും അന്വേഷണം ശരിയായ ദിശയിൽ നടക്കുമെന്നും പറഞ്ഞു മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചു. കൊടകര സംഭവത്തിന്റെ വിശദാംശങ്ങളിലേക്കു മുഖ്യമന്ത്രി കടന്നില്ല.
കൊടകര കേസിൽ സംഘപരിവാർ ബന്ധം പറയാതിരിക്കാൻ മുഖ്യമന്ത്രി വളരെയേറെ ശ്രദ്ധിച്ചു എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എത്ര പണം കേരളത്തിലെത്തി എന്നതിനേക്കുറിച്ച് അന്വേഷണം നടത്തുന്നില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.
എന്തു കൊണ്ടു സംഭവം ഇൻകം ടാക്സിനും ഇഡിക്കും റിപ്പോർട്ട് ചെയ്തില്ലെന്നും സതീശൻ ചോദിച്ചു. സാക്ഷിയായി പോകുന്നയാളിനോടു പോലീസ് ചോദിക്കാൻ പോകുന്ന ചോദ്യങ്ങൾ പോലും പാർട്ടി പത്രം തലേദിവസമേ റിപ്പോർട്ട് ചെയ്യുകയാണെന്നു കൂടി സതീശൻ പറഞ്ഞതോടെ മുഖ്യമന്ത്രി എഴുന്നേറ്റു.
ഇരുകൂട്ടരും തമ്മിലുള്ള ഒത്തുതീർപ്പിന്റെ സാധ്യതകളേക്കുറിച്ചുള്ള സംശയമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.
ഇൻകം ടാക്സിനും ഇഡിക്കും റിപ്പോർട്ട് ചെയ്യണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം തന്നെയാണ് ബിജെപി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബിജെപിയുടെ പ്രസ്താവന വായിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇതു ബിജെപിയെ സഹായിക്കാനുള്ള വാദമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഒത്തുതീർപ്പിന്റെ ആൾക്കാർ ആരാണെന്ന് എല്ലാവർക്കുമറിയാം. പ്രവീണ് തൊഗാഡിയയ്ക്കെതിരായ കേസ് പിൻവലിച്ചതാരാണ്?
എംജി കോളജിൽ പോലീസിനെ ആക്രമിച്ച കേസിലെ പ്രതികളായ ബിജെപിക്കാർക്കെതിരായ കേസ് പിൻവലിച്ചതാരാണ്? പ്രതിപക്ഷത്തെ നോക്കി മുഖ്യമന്ത്രി ചോദിച്ചു.
ഞങ്ങൾ ഒത്തുതീർപ്പിന്റെ ആൾക്കാരല്ല. അതു നിങ്ങൾക്കു ചേരുന്ന പട്ടമാണ്. അതു നിങ്ങൾ അണിഞ്ഞുകൊള്ളൂ- മുഖ്യമന്ത്രി പറഞ്ഞു.
ഒരുപാട് ഒത്തുതീർപ്പുകൾ നടത്തിയതെല്ലാം അങ്ങാടിയിൽ പാട്ടാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. ആരൊക്കെയാണ് ഇടനിലക്കാർ എന്നൊക്കെ ഞങ്ങൾ പറയാം.
അറിയാവുന്നതെല്ലാം ഇപ്പോൾ തന്നെ പറഞ്ഞോളൂ എന്നായി മുഖ്യമന്ത്രി. മഞ്ചേശ്വരത്തും പാലക്കാട്ടുമുൾപ്പെടെ ഏഴു സീറ്റിൽ ബിജെപിയെ ജയിപ്പിക്കാമെന്ന കരാറുണ്ടായിരുന്നു എന്നു സതീശൻ പറഞ്ഞതോടെ ഭരണപക്ഷ ബെഞ്ചുകൾ പ്രതിഷേധവുമായി എഴുന്നേറ്റു.
ഇത്രയുമായപ്പോൾ സ്പീക്കർ എം.ബി. രാജേഷ് അടുത്ത നടപടിയിലേക്കു കടന്നതോടെ വാക്കുതർക്കത്തിനും അവസാനമായി.
അടിയന്തരപ്രമേയ നോട്ടീസിൽ തുടങ്ങിയ ആരോപണ-പ്രത്യാരോപണങ്ങൾ ബജറ്റ് ചർച്ചയിലേക്കു പടർന്നുപിടിച്ചു. ‘താമരയിൽ വിരിഞ്ഞ ഭരണത്തുടർച്ച’ എന്നു പറഞ്ഞു ബിജെപി ധാരണ വീണ്ടും ചർച്ചയാക്കിയത് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 69 സീറ്റിൽ ബിജെപി വോട്ട് എൽഡിഎഫിലേക്കു മറിഞ്ഞു എന്നു രമേശ് പറഞ്ഞു.
അങ്ങനെ വോട്ടു മറിഞ്ഞ സീറ്റുകളുടെ പട്ടിക തന്നെ രമേശ് നിരത്തി. ബിജെപി സഹായിച്ചിരുന്നില്ലെങ്കിൽ രമേശ് ചെന്നിത്തല നിയമസഭയിലുണ്ടാകുമായിരുന്നോ എന്നായിരുന്നു പി.എസ്. സുപാലിന്റെ ചോദ്യം.
ആദ്യപ്രസംഗം നടത്തിയ സെബാസ്റ്റ്യൻ കുളത്തുങ്കൽ കോട്ടയം ജില്ലയിൽ യുഡിഎഫിനു ബിജെപി വോട്ട് മറിഞ്ഞതിന്റെ കണക്കുകൾ നിരത്തി. മലന്പുഴയിൽ ബിജെപി രണ്ടാം സ്ഥാനത്തു വന്നപ്പോൾ യുഡിഎഫിന്റെ വോട്ടുകൾ വീണ്ടും കുറഞ്ഞതായി എ. പ്രഭാകരൻ ചൂണ്ടിക്കാട്ടി.
മഞ്ചേശ്വരത്ത് കർണാടക ഉപമുഖ്യമന്ത്രിയോടും പത്തു-പതിനഞ്ചു കർണാടക മന്ത്രിമാരോടും കൂടി മത്സരിച്ചാണു താൻ ജയിച്ചതെന്ന് എ.കെ.എം. അഷ്റഫ് പറഞ്ഞു.
കാൽ ലക്ഷവും ഒരു ലക്ഷവുമൊക്കെയാണ് അവിടെ വോട്ടർമാർക്കു വാഗ്ദാനം ചെയ്തത്. വോട്ടു ചെയ്യാതിരിക്കാൻ വരെ പണം വാഗ്ദാനം ചെയ്തു. കുഴൽപ്പണക്കേസ് അന്വേഷണം ശരിയായ രീതിയിൽ നടന്നാൽ ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ ജയിലിലെത്തുമെന്നും അഷ്റഫ് പറഞ്ഞു.
തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽ റബറിന് വിലസ്ഥിരതാ ഫണ്ടിലൂടെ കിലോയ്ക്ക് 250 രൂപ നൽകുമെന്ന് ഉറപ്പു നൽകിയ എൽഡിഎഫ് സർക്കാരിന്റെ ആദ്യബജറ്റിൽ കുടിശിഖ നൽകാൻ 50 കോടി രൂപ മാത്രമാണു വകയിരുത്തിയതെന്നു പി.ജെ. ജോസഫ് ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിനു മുന്പ് കട്ടപ്പനയിൽ വന്നു മുഖ്യമന്ത്രി പിണറായി വിജയൻ 12,000 കോടിയുടെ ഇടുക്കി പാക്കേജ് നടപ്പാക്കുമെന്നു പറഞ്ഞതും ബജറ്റിൽ കണ്ടില്ലെന്നു ജോസഫ് പറഞ്ഞു.
തകർച്ചയിലേക്കു കൂപ്പുകുത്തിക്കൊണ്ടിരുന്ന രാജ്യത്തെ വളർച്ചയുടെ പാതയിലേക്കു തിരിച്ചുകൊണ്ടു വന്ന 1991ലെ ഡോ. മൻമോഹൻസിംഗിന്റെ ബജറ്റിനേക്കുറിച്ചു പറഞ്ഞുകൊണ്ടാണ് ഡോ. മാത്യു കുഴൽനാടൻ ബജറ്റ് ചർച്ചയിലേക്കു കടന്നത്.
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോയി മണിയടിച്ച് അപേക്ഷ സമർപ്പിച്ച മുൻ സർക്കാർ അന്താരാഷ്ട്ര പണം വാങ്ങിച്ചെടുത്തത് ആഗോളവത്കരണത്തിന്റെ ഏറ്റവും വലിയ മുഹൂർത്തമായിരുന്നു എന്നു പറഞ്ഞ കുഴൽനാടൻ പക്ഷേ അതിൽ കുറ്റമൊന്നുമുള്ളതായി പറഞ്ഞില്ല.
സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതിയേക്കുറിച്ചു ധവളപത്രം പുറപ്പെടുവിക്കാൻ ധനമന്ത്രി തയാറാകണമെന്ന് പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു.
ലക്ഷദ്വീപ് പ്രമേയത്തിൽ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരു പറയാൻ പേടിക്കുന്ന സർക്കാർ, ബജറ്റിൽ ഡോ. മൻമോഹൻ സിംഗിനെ പേരെടുത്തു വിമർശിക്കാൻ തയാറായെന്നും വിഷ്ണുനാഥ് പറഞ്ഞു.
ബജറ്റിന്റെ പൊതുചർച്ച തുടങ്ങിവയ്ക്കുന്നത് ഡപ്യൂട്ടി സ്പീക്കറാണ്. ഒരു വർഷം ഡെപ്യൂട്ടി സ്പീക്കർക്കു ചർച്ചയിൽ പങ്കെടുത്തു പ്രസംഗിക്കാൻ കിട്ടുന്ന ഏകഅവസരവുമാണത്.
അതുകൊണ്ടു ത്ന്നെ ബജറ്റിനു വെളിയിൽ സ്വന്തം മണ്ഡലത്തിലെ ചില കാര്യങ്ങൾകൂടി ചിറ്റയം ഗോപകുമാർ പറഞ്ഞുവച്ചു.
സ്വന്തം മണ്ഡലത്തിലെ മരമടി മത്സരം നടത്താൻ നിയമഭേദഗതി കൊണ്ടു വരണമെന്ന കഴിഞ്ഞ സഭയിലെ പതിവ് ആവശ്യമാണ് പുതിയ സഭയിലെ ആദ്യപ്രസംഗത്തിലും ചിറ്റയം ഉന്നയിച്ചത്.
സാബു ജോണ്